NEWSROOM

ഹിമാചൽ ഭക്ഷണശാലകളിലെ പേരുവിവര പട്ടിക വിവാദം: ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി മന്ത്രി വിക്രമാദിത്യ സിങ്

പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്ന് സിങ്ങ് ഉറപ്പ് നൽകി

Author : ന്യൂസ് ഡെസ്ക്

ഭക്ഷണശാലകളിൽ ഉടമസ്ഥരുടെ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന ഉത്തരവ് വിവാദമായതിന് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി കൂടിക്കാഴ്ച നടത്തി ഹിമാചൽ മന്ത്രി വിക്രമാദിത്യ സിങ്. പാർട്ടിയുടെ അടിസ്ഥാന തത്വങ്ങൾക്കനുസൃതമായി പ്രവർത്തിക്കുമെന്ന് സിങ് ഉറപ്പ് നൽകി. സിങ്ങിൻ്റെ ഉത്തരവിനെതിരെ ഹൈക്കമാൻഡ് രംഗത്തെത്തിയിരുന്നു.‌

ഹിമാചലിലെ എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെ പേരും വിലാസവും പ്രദർശിപ്പിക്കണമെന്ന മന്ത്രി വിക്രമാദിത്യ സിങ്ങിൻ്റെ ഉത്തരവ് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നു. യോഗി ആദിത്യനാഥിൻ്റെ ഭരണപാത പിന്തുടരുന്ന കോൺഗ്രസ് സർക്കാർ ചെയ്തത് ഇരട്ടത്താപ്പാണെന്ന വിമർശനവും ഉയർന്നു. ഉത്തരവ് വിവാദമായപ്പോൾ ഇതിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു അറിയിച്ചു. നടപടി വിമർശിച്ച് ഹൈക്കമാൻഡ് രംഗത്തെത്തി.

സംഭവത്തിൽ അതൃപ്തി രേഖപ്പെടുത്തിയ ഹൈക്കമാൻഡ്, വിക്രമാദിത്യ സിങ്ങിനെ ഡൽഹിക്ക് വിളിപ്പിച്ച് ശാസിച്ചു. പിന്നാലെ ഉത്തരവ് മന്ത്രി പിൻവലിച്ചു. നേതൃത്വത്തിൽ നിന്ന് വിമർശനം വന്നതോടെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഹിമാചൽ കോൺഗ്രസ് സംഘടനാ സഹചുമതലയുള്ള രാജീവ് ശുക്ല എന്നിവരെയും കണ്ടു. പാർട്ടി അടിസ്ഥാന തത്വങ്ങൾക്കനുസരിച്ച് സർക്കാർ പ്രവർത്തിക്കുമെന്ന് ഇതോടെ വിക്രമാദിത്യ സിങ് പറഞ്ഞു. വികസനത്തിനാണ് പ്രധാന മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT