കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെതിരെ ഹിന്ദു ഐക്യവേദി. കീഴൂര്‍ മഹാദേവ ക്ഷേത്ര പരിസരത്താണ് ഹിന്ദു ഐക്യവേദി പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കീഴൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ കാനത്തില്‍ ജമീല എംഎല്‍എ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദിയുടെ പോസ്റ്റര്‍.
സംഭവത്തില്‍ ക്ഷേത്ര ട്രസ്റ്റി ബോര്‍ഡിനെതിരെയാണ് ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരിക്കുന്നത്. 'കഠിനവ്രത ശുദ്ധിക്കും താന്ത്രിക ക്രിയകള്‍ക്കും അതി പ്രാധാന്യമുള്ള കീഴൂര്‍ വാതില്‍ കാപ്പവരുടെ തിരുമുറ്റത്ത് ട്രസ്റ്റി ബോര്‍ഡ് നടത്തിയ ആചാര ലംഘനത്തില്‍ ഭക്തജനങ്ങള്‍ പ്രതിഷേധിക്കുക. എംഎല്‍എയെ എഴുന്നള്ളിച്ച ധാര്‍ഷ്ഠ്യത്തിന്റെ പിന്നിലുള്ള താല്‍പ്പര്യം എന്ത്?' എന്നായിരുന്നു ഹിന്ദു ഐക്യവേദിയുടെ പോസ്റ്റര്‍.
എന്നാല്‍ ഈ ആരോപണങ്ങള്‍ തള്ളി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് രംഗത്തെത്തി. തന്ത്രിയോട് അനുമതി വാങ്ങിയതിന് ശേഷമാണ് കാനത്തില്‍ ജമീല എംഎല്‍എയെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചതെന്ന് ട്രസ്റ്റി ബോര്‍ഡ് വ്യക്തമാക്കി.