ബിഹാറില്‍ വാലന്റൈന്‍സ് ദിനത്തില്‍ വടിയുമായെത്തി പ്രണയിതാക്കളെ ഓടിച്ച് ഹിന്ദു ശിവ ഭവാനി സേന പ്രവര്‍ത്തകര്‍. പട്‌ന നഗരത്തിലെ പാര്‍ക്കുകളിൽ ഒരുമിച്ചിരുന്ന പ്രണയിതാക്കളെയാണ് ഹിന്ദു സംഘടനാ പ്രവർത്തകർ ഭീഷണിപ്പെടുത്തി ഓടിച്ചത്. പുല്‍വാമ ആക്രമണ വാര്‍ഷികത്തിന്റെ പേരു പറഞ്ഞായിരിക്കുന്നു പ്രണയിതാക്കള്‍ക്ക് നേരെയുള്ള ഹിന്ദുത്വ ഗ്രൂപ്പിന്റെ ആക്രമണം.
ഇതൊന്നും ആഘോഷിക്കരുത്, പൊതുയിടങ്ങളിലെ ഇത്തരം വൃത്തികേടുകള്‍ ചെയ്യുന്നത് പ്രചരിപ്പിക്കാതിരിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രവര്‍ത്തകര്‍ പാര്‍ക്കുകള്‍ കേന്ദ്രീകരിച്ച് ആക്രമണം നടത്തിയത്.
ALSO READ: പരപുരുഷനോട് ലൈംഗികതയില്ലാത്ത പ്രണയമെങ്കില്‍ ഭാര്യയുടേത് വിശ്വാസവഞ്ചനയല്ല; മധ്യപ്രദേശ് ഹൈക്കോടതി
'വാലന്റൈന്‍സ് ദിനം ഒരു പാശ്ചാത്യ പാരമ്പര്യമാണ്. ഒരു സാഹചര്യത്തിലും അത് വളരാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. എല്ലാവരും വീട്ടില്‍ പോകണം. ഹിന്ദു മതത്തില്‍ ഇത്തരം ഒരു ആചാരമൊന്നുമില്ല. നിങ്ങള്‍ ഓര്‍ക്കേണ്ടത് പുല്‍വാമയില്‍ കൊല്ലപ്പെട്ട ഹീറോകളെയാണ്,' എന്നും ഹിന്ദു ശിവ ഭവാനി സേനാംഗങ്ങള്‍ പറഞ്ഞു.
ഇത്തരം 'അശ്ലീലം' കാണിക്കുന്നതിന് എതിരാണെന്നാണ് ഹിന്ദു ശിവ ഭവാനി സേനയുടെ ദേശീയ പ്രസിഡന്റ് ലവ് കുമാര്‍ സിങ്ങിന്റെ പ്രതികരണം. വാലന്റൈന്‍സ് ദിനത്തെ തങ്ങള്‍ എതിര്‍ക്കുന്നു. പകരം ഇന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ രക്തസാക്ഷിത്വം വഹിച്ച സൈനികരുടെ ഓര്‍മയില്‍ കരിദിനം ആചരിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ലവ് കുമാര്‍ സിങ് പറഞ്ഞു.
ഉത്തര്‍പ്രദേശിലും സമാനമായി ഹിന്ദുത്വ പ്രവര്‍ത്തകര്‍ വടികളും മുദ്രാവാക്യങ്ങളുമായി പ്രണയിതാക്കളെ നേരിടാന്‍ തെരുവിലിറങ്ങി. ആഗ്രയിലെ പലിവാള്‍, മൊറാദാബാദ് തുടങ്ങി വിവിധ പ്രദേശങ്ങളിലാണ് യുപിയില്‍ സമാനമായ അതിക്രമങ്ങള്‍ ഉണ്ടായത്.