NEWSROOM

"ഹിന്ദുക്കൾ സ്വന്തം വീട്ടിൽ ഇംഗ്ലീഷ് സംസാരിക്കരുത്, സ്വദേശീയമായ വസ്ത്രം ധരിക്കണം, തദ്ദേശീയ ഭക്ഷണം കഴിക്കണം"; നിർദേശങ്ങളുമായി മോഹൻ ഭഗവത്

പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ.എസ്.എസ് ദേശീയാധ്യക്ഷൻ

Author : ന്യൂസ് ഡെസ്ക്


ഹിന്ദുക്കൾ സ്വന്തം വീട്ടിൽ ഇംഗ്ലീഷല്ല മാതൃഭാഷ സംസാരിക്കണമെന്നും, സ്വദേശീയമായ വസ്ത്രം തിരഞ്ഞെടുക്കണമെന്നും, തദ്ദേശീയമായ ഭക്ഷണം കഴിക്കണമെന്നും, സ്വത്വം തിരിച്ചറിയണമെന്നും ആർ.എസ്.എസ് സർ സംഘ ചാലക് മോഹൻ ഭഗവത്. അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യം വിശ്വത്തിന് ഗുണകരമാകുമെന്നും സ്വയം ശക്തിപ്പെടുത്തണമെന്നും മോഹൻ ഭഗവത് പറഞ്ഞു. പത്തനംതിട്ട അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തിലെ ഹിന്ദു ഏകതാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ആർ.എസ്.എസ് ദേശീയാധ്യക്ഷൻ.



ഹിന്ദു കുടുംബങ്ങൾ ആഴ്ചയിൽ ഒരിക്കൽ യോഗം ചേർന്ന് അവരുടെ നിലവിലെ ജീവിതശൈലി അത്തരം ചിന്താഗതിയുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് ചർച്ച ചെയ്യണമെന്നും ആർ‌എസ്‌എസ് മേധാവി ആഹ്വാനം ചെയ്തതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. “ഹിന്ദുക്കളായ നമ്മൾ സംസാരിക്കുന്ന ഭാഷ, യാത്ര ചെയ്യുന്ന സ്ഥലങ്ങൾ, ധരിക്കുന്ന വസ്ത്രങ്ങൾ എന്നിവ പാരമ്പര്യവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് നമ്മൾ ചിന്തിക്കണം. നമ്മൾ നമ്മുടെ സ്വന്തം പ്രദേശങ്ങളിലേക്ക് യാത്ര പോകുകയും സഹായം ആവശ്യമുള്ള നമ്മുടെ സ്വന്തം സഹോദരങ്ങളെ സന്ദർശിക്കുകയും വേണം. നമ്മൾ ഇംഗ്ലീഷിൽ സംസാരിക്കരുത്. നമ്മുടെ പ്രാദേശിക ഭക്ഷണ വിഭവങ്ങൾ കഴിക്കണം. പരിപാടികളിൽ പങ്കെടുക്കുമ്പോൾ, പാശ്ചാത്യ വസ്ത്രങ്ങൾ ധരിക്കരുത്. നമ്മുടെ സ്വന്തം പരമ്പരാഗത വസ്ത്രങ്ങൾ ധരിക്കണം,” മോഹൻ ഭഗവത് പറഞ്ഞു.



"സത്യം, ദയ, ശുചിത്വം, ധ്യാനം എന്നിവയിൽ അധിഷ്ഠിതമായാണ് ഹിന്ദുമതം സ്ഥാപിതമായത്. ഹിന്ദുമതത്തിൻ്റെ അടിസ്ഥാന ചട്ടക്കൂടിനുള്ളിൽ ജാതി അടിസ്ഥാനമാക്കിയുള്ള ശ്രേണിക്ക് സ്ഥാനമില്ല. ജാതി എന്ന ആശയം ഹിന്ദുമതത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് പുറത്താണ് നിലനിൽക്കുന്നത്. നിലവിൽ ജാതി വിശ്വാസം പിന്തുടരുന്നവർ ഒരു മടിയും കൂടാതെ അത് ഉപേക്ഷിക്കണം. എന്നിരുന്നാലും, ഹിന്ദുമതത്തിലെ ജാതി ശ്രേണിക്ക് അടിത്തറയായി കണക്കാക്കപ്പെടുന്ന സനാതന ധർമം ഐക്യം ആവശ്യപ്പെടുന്നു," ആർ‌എസ്‌എസ് മേധാവി പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.

"അതിജീവനത്തിനും സംഘബലത്തിനും വേണ്ടി ഹിന്ദുക്കൾ ഒരുമിക്കണം. ഹിന്ദുക്കൾ ഒരുമിക്കുന്നതിനെ ചൊല്ലിയും പലയിടത്തും ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ബലം എന്തിന് വേണ്ടി പ്രയോജനപ്പെടുത്തുന്നു എന്നത് പ്രധാനമാണ്. അത് ആരെയും ഉപദ്രവിക്കാനാകരുത്. ലോകത്ത് പലയിടത്തും നടക്കുന്ന സംഘർഷങ്ങൾക്ക് കാരണം മതമാണ്. ഓരോരുത്തരും അവരുടേതായ വിശ്വാസമാണ് പരമ പ്രധാനമെന്ന് കരുതുന്നത് കൊണ്ടാണ് ഇതു സംഭവിക്കുന്നത്. എന്നാൽ സനാതന ധർമം പിന്തുടരുന്ന ഹിന്ദുമതം ഇതിൽ നിന്നെല്ലാം വ്യത്യസ്തമാണ്," മോഹൻ ഭഗവത് പറഞ്ഞു.

SCROLL FOR NEXT