ആവണിത്തുമ്പ കൊണ്ട് ചമയമൊരുക്കി ഇന്ന് പൊന്നത്തം. തെച്ചിയും മന്ദാരവും കാക്കപ്പൂവും കനകാംബരവും പൂത്തുവിടരുന്ന കാലം തുടങ്ങിക്കഴിഞ്ഞു. കേരളത്തിൻ്റെ എഴുതപ്പെട്ട ചരിത്രത്തിന്‍റെ തുടക്കം മുതൽ തന്നെ ആവണിയും അത്തവും പൊന്നിൻ തിരുവോണവും കാണാം.
ഓണാഘോഷത്തിൻ്റെ പഴയചിത്രങ്ങൾ Credits: censusindia.gov.in
ക്രിസ്തുവർഷം തൊള്ളായിരത്തി അൻപതുകൾ മുതൽ തന്നെ കേരളത്തിൽ ഓണമുണ്ട്. ഭാസ്കര രവിവർമ കുലശേഖര രാജാവാണ് അന്ന് ചെങ്കോൽ പിടിച്ചിരുന്നത്. അന്നൊക്കെ തൃക്കാക്കരയിൽ 28 ദിവസമായിരുന്നു ഓണാഘോഷം. ചേരമൺ പെരുമാളിന്‍റെ കീഴിൽ 56 നാട്ടു രാജാക്കന്മാർ ഉണ്ടായിരുന്നു. രണ്ടു നാട്ടുരാജ്യങ്ങൾ ചേർന്ന് ഒരു ദിവസത്തെ ആഘോഷം. അങ്ങനെ 56 നാട്ടുരാജ്യങ്ങളിലായി 28 ദിവസത്തെ ആഘോഷം. തിരുവോണത്തിന് പത്തു ദിവസം മുൻപാണ് കൊച്ചി രാജാവിന്‍റെ ഊഴം വരുന്നത്. നാട്ടുകാരനായ കൊച്ചി രാജാവിന് ഒപ്പം കൂട്ടുചേരുന്നത് കോഴിക്കോട് സാമൂതിരിയാണ്. അങ്ങനെ കൊച്ചി രാജാവും കോഴിക്കോട് സാമൂതിരിയും ചേർന്ന് ഏറ്റവും വലിയ ചമയങ്ങളുമായി ഇറങ്ങിയിരുന്ന ദിവസമായിരുന്നു അത്തം. ആ ദിവസമാണ് നാടുമുഴുവൻ പൂക്കളമിട്ടു തുടങ്ങുന്നത്.
ഓണത്തെക്കുറിച്ചുള്ള പരാമർശങ്ങൾ തുടങ്ങുന്നത് ഇവിടെയല്ല. രണ്ടാം നൂറ്റാണ്ടിലെഴുതിയ പതിറ്റുപ്പത്തു കൃതികളിൽ മുതൽ പരാമർശിക്കുന്നതാണ് ഓണാഘോഷം. ഒൻപതാം നൂറ്റാണ്ടിൽ തന്നെ ഓണത്തിന് അരി നൽകിയിരുന്ന കഥ തിരവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ചെമ്പു തകിടിൽ ഉണ്ട്. ബുദ്ധകാലത്തു തന്നെ ഇവിടെ പ്രചരിച്ചിരുന്നു ഓണം എന്നതിന്‍റെ തെളിവാണ് വട്ടത്തിലുള്ള പൂക്കളം.
തിരുവാതിരക്കളി Credits: censusindia.gov.in
അത് ബുദ്ധമത വിശ്വാസത്തിലെ ധർമചക്രം തന്നെയെന്നാണ് ചരിത്രകാരന്മാരുടെ കണ്ടെത്തൽ. അതുതന്നെയാണ് ഇന്ത്യയുടെ ത്രിവർണ പതാകയിലെ അശോകചക്രമായി മാറിയതും. ഓണം അതുകൊണ്ടു തന്നെ നമ്മുടെ ദേശീയ ആഘോഷം കൂടിയാണ്. മതവും ജാതിയും കൊണ്ടു നാടിനെ വേർ തിരിക്കുന്നതിനു മുൻപ് തന്നെ ഉണ്ടായിരുന്ന ആഘോഷം എന്നാണ് മാങ്കുടി മരുതനാരുടെ മധുരൈ കാഞ്ചിയിലെ വരികൾ തെളിയിക്കുന്നത്. അതുകൊണ്ട് തന്നെ എല്ലാവരുടേയും ആഘോഷമായി ഓണം മാറി.