NEWSROOM

117 പവന്‍... വൈലോപ്പിള്ളിയുടെ ആഗ്രഹം; സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വര്‍ണ കപ്പിന്റെ കഥ

അന്നത്തെ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ തന്നെ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ അങ്ങനെ ഒരു കപ്പ് രൂപകല്‍പ്പന ചെയ്യാനോ നിര്‍മിക്കാനോ സാധിച്ചില്ല.

Author : ന്യൂസ് ഡെസ്ക്


ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞിരിക്കുകയാണ്. സംസ്ഥാന ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ മാറ്റുരയ്ക്കുന്ന പരിപാടിയില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിക്കുന്ന ജില്ലകള്‍ക്ക് 117.5 പവന്‍ സ്വർണത്തിൽ തീര്‍ത്ത കപ്പാണ് സമ്മാനം. എന്നാല്‍ ഈ കപ്പിനും ഒരു കഥ പറയാനുണ്ട്.

കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ സ്വര്‍ണ കപ്പ് രൂപകല്‍പ്പന ചെയ്ത കലാധ്യാപകനായിരുന്ന ശ്രീകണ്ഠന്‍ നായരെ വീട്ടിലെത്തി കാണുകയും കലോത്സവത്തിന്റെ സമാപന വേദിയിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തിരുന്നു. പൊതുവിദ്യാലയത്തില്‍ കലാധ്യാപകനായിരുന്ന ശ്രീകണ്ഠന്‍ നായരോട് 1986ല്‍ കവി വൈലോപ്പിള്ളി ശ്രീധരമേനോനാണ് കപ്പ് രൂപകല്‍പ്പന ചെയ്യാന്‍ ആവശ്യപ്പെട്ടത്. ആ കഥയിങ്ങനെയാണ്;

1985ല്‍ എറണാകുളം ജില്ലയിലെ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ വെച്ച് രജത ജൂബിലി കലോത്സവം നടക്കുന്ന അതേസമയം തൊട്ടടുത്ത മഹാരാജാസ് ഗ്രൗണ്ടില്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ടൂര്‍ണമെന്റും നടക്കുന്നുണ്ടായിരുന്നു. ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്വര്‍ണക്കപ്പിന് വേണ്ടി ടീമുകള്‍ മത്സരിക്കുമ്പോള്‍ എന്തുകൊണ്ട് കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കും അങ്ങനെയൊന്ന് ലഭിച്ചുകൂട എന്ന് അന്ന് പരിപാടിയില്‍ ജഡ്ജായി എത്തിയ വൈലോപ്പിള്ളിക്ക് തോന്നിയ ആശയമാണ് കപ്പിലേക്ക് എത്തിയത്.

വൈലോപ്പിള്ളി തന്നെ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബും ഈ ആഗ്രഹ സഫലീകരണത്തിനായി കൈകോര്‍ത്തു. 101 പവനുള്ള സ്വര്‍ണക്കപ്പ് അതായിരുന്നു വൈലോപ്പിള്ളിയുടെ ആഗ്രഹം.

അന്നത്തെ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ തന്നെ മന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചെങ്കിലും അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ അങ്ങനെ ഒരു കപ്പ് രൂപകല്‍പ്പന ചെയ്യാനോ നിര്‍മിക്കാനോ സാധിച്ചില്ല. അതുകൊണ്ട് തന്നെ ആ വര്‍ഷം നടരാജ വിഗ്രഹമായിരുന്നു ജേതാക്കള്‍ക്ക് നല്‍കിയത്. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഉറപ്പായും കപ്പ് സാക്ഷാത്കരിക്കണമെന്ന് ഉറപ്പിച്ച മന്ത്രി നേരത്തെ തന്നെ ഇക്കാര്യം വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേഖലയിലെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുകയായിരുന്നു.

കപ്പ് രൂപകല്‍പ്പന ചെയ്യാനുള്ള ചുമതല ശ്രീകണ്ഠന്‍ നായരിലേക്ക് എത്തുന്നത് അങ്ങനെയാണ്. രൂപകല്‍പ്പന ചെയ്യുന്നതിന് മുമ്പ് അദ്ദേഹം വൈലോപ്പിള്ളിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. വൈലോപ്പിള്ളിയുടെ നിര്‍ദേശം വിദ്യയും കലയും കവിതയും നാദവും എല്ലാം ചേര്‍ന്നുകൊണ്ടുള്ള ഒരു ശില്‍പ്പമായിരിക്കണമെന്നാണ്. അതിനനുസൃതമായി ശ്രീകണ്ഠന്‍ നായര്‍ ഒറ്റ ദിവസം കൊണ്ട് തന്നെ ശില്‍പ്പത്തിന്റെ രൂപകല്‍പ്പന തയ്യാറാക്കുകയും അത് അംഗീകരിക്കപ്പെടുകും ചെയ്തു. വീട്ടി മരത്തിന്റെ പീഠത്തില്‍ തീര്‍ത്ത ശില്‍പ്പത്തിന് 18 ഇഞ്ച് ഉയരവും 12 ഇഞ്ച് വീതിയുമുണ്ട്. പുസ്തകത്തിന് മുകളില്‍ വളകളണിഞ്ഞ കൈകളില്‍ നില്‍ക്കുന്ന വലംപിരി ശംഖായിരുന്നു അദ്ദേഹം രൂപകല്‍പ്പന ചെയ്തത്.

സ്വര്‍ണക്കപ്പ് നിര്‍മിക്കാന്‍ അന്ന് ടെണ്ടര്‍ കിട്ടിയത് ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിക്കായിരുന്നു. കോയമ്പത്തൂര്‍ മുത്തു സ്വാമി കോളനിയിലെ ടിവിആര്‍ നാഗാസ് വര്‍ക്‌സ് ആണ് കപ്പ് നിര്‍മിച്ചത്. 101 പവൻ വരുന്ന കപ്പ് നിർമിക്കാനായിരുന്നു ആവശ്യമെങ്കിലും പണി തീര്‍ന്നപ്പോഴേക്കും 117.5 പവനായി. അങ്ങനെ 1987-ല്‍ കപ്പ് കോഴിക്കോടേക്ക് കൊണ്ടു വന്നു. കോഴിക്കോട് വെച്ച് നടന്ന കലോത്സവത്തില്‍ തിരുവനന്തപുരം ജില്ല ആദ്യമായി കപ്പില്‍ മുത്തമിട്ടു.

2008 വരെ ഹൈസ്‌കൂള്‍ തലത്തില്‍ ഏറ്റവും പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു കപ്പ് നല്‍കാറ്. 2009ല്‍ ഹയര്‍ സെക്കണ്ടറി കലോത്സവം കൂടെ ഒന്നിച്ചു നടക്കുന്നതിനാല്‍ 2009ലെ കലോത്സവം മുതല്‍ ഈ കപ്പ് ഹൈസ്‌കൂള്‍, ഹയര്‍ സക്കണ്ടറി സ്‌കൂള്‍ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന റവന്യൂ ജില്ലക്കായിട്ടാണ് നല്‍കി വരുന്നത്.

കലോത്സവ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടിയത് കോഴിക്കോട് ജില്ലയാണ്. തുടര്‍ച്ചയായി കപ്പ് സ്വന്തമാക്കിയ ജില്ലയും കോഴിക്കോട് തന്നെയാണ്. എന്നാല്‍ കഴിഞ്ഞ തവണ കിരീടം കോഴിക്കോട്ട് നിന്നും കണ്ണൂരേക്ക് വണ്ടി കയറി. ഇത്തവണ ആരായിരിക്കും സ്വര്‍ണക്കപ്പില്‍ മുത്തമിടുക എന്ന ആകാംക്ഷയിലാണ് വിദ്യാര്‍ഥികളും കലാപ്രേമികളുമാകെയും.

SCROLL FOR NEXT