NEWSROOM

ചൈനയിലെ എച്ച്എംപി വൈറസ് വ്യാപനം; സംസ്ഥാനത്ത് ആശങ്ക വേണ്ട, ഗർഭിണികളും പ്രായമായവരും മാസ്ക് ധരിക്കുന്നത് നല്ലത്: വീണാ ജോർജ്

ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിനാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

ചൈനയിലെ ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട പുതിയ രോഗവ്യാപനമെന്ന വാർത്തകൾ വന്നതിനു പിന്നാലെ സംസ്ഥാനത്ത് ആശങ്ക വേണ്ടതില്ലെന്ന് അറിയിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. സ്ഥിതിഗതികൾ സസൂക്ഷ്മം വിലയിരുത്തുന്നുവെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഗർഭിണികൾ, പ്രായമായവർ, ഗുരുതര രോഗമുള്ളവർ എന്നിവർ മാസ്ക് ധരിക്കുന്നത് നല്ലതെന്ന് വീണാ ജോർജ് പറഞ്ഞു. മഹാമാരിയാകാൻ സാധ്യതയുള്ള വൈറസുകൾ ചൈനയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകളില്ല. എങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പ്രവാസികൾ നാട്ടിലേക്ക് എത്തുന്നതിനാൽ ജാഗ്രത വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

അതേസമയം, ഹ്യൂമണ്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപനവുമായി ബന്ധപ്പെട്ട വാർത്തകൾ ചൈന നിഷേധിച്ചു. തണുപ്പുകാലത്ത് ശ്വാസകോശ അണുബാധ സാധാരണമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ്ങിൻ്റെ പ്രസ്താവന. ശ്വാസകോശ അണുബാധ വലിയ അളവിൽ പെരുകുന്നതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും മാവോ നിങ് പറഞ്ഞു. ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്ന ചൈനയിലെ ആശുപത്രികളുടെ ദൃശ്യങ്ങളുൾപ്പെടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതിനിടെയാണ് ചൈനയുടെ പ്രസ്താവന.

എച്ച്എംപിവി വ്യാപനത്തിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയുടെയും നിർദേശം. പരിഭ്രാന്തരാകേണ്ട, പ്രതിരോധമാണ് പ്രധാനമെന്നും ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) ഉദ്യോഗസ്ഥൻ ഡോ. അതുൽ ഗോയൽ പറഞ്ഞു. ശ്വാസകോശ സംബന്ധമായ എല്ലാ അണുബാധകൾക്കെതിരെ പൊതുവായ മുൻകരുതലുകൾ സ്വീകരിക്കാൻ അതുൽ ഗോയൽ നിർദേശം നൽകി.

SCROLL FOR NEXT