NEWSROOM

ചൈനയില്‍ വ്യാപിക്കുന്ന എച്ച്എംപിവി; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍

ചൈനയില്‍ നിലവിലുണ്ടായ രോഗവ്യാപനത്തിനു കാരണം ഇന്‍ഫ്‌ളുവന്‍സ വൈറസ് ആണെന്നാണ് നിരീക്ഷണ സംഘത്തിന്റെ വിലയിരുത്തല്‍

Author : ന്യൂസ് ഡെസ്ക്

ചൈനയില്‍ വ്യാപിക്കുന്ന ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസില്‍ (എച്ച്എംപിവി) ആശങ്ക വേണ്ടെന്ന് വിദഗ്ധര്‍. ചൈനയിലെ സ്ഥിതി അസാധാരണമല്ലെന്നാണ് ഇന്ത്യയിലെ ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ചൈനയിലുണ്ടായ പുതിയ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസിന്റെ നേതൃത്വത്തിൽ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിരീക്ഷണം.

ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് സെല്‍, സംയോജിത രോഗ നിരീക്ഷണ സംഘം, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍), എമര്‍ജന്‍സി മെഡിക്കല്‍ ഡിവിഷന്‍, ഡല്‍ഹി എയിംസ് പ്രതിനിധികളും അവലോകന യോഗത്തില്‍ പങ്കെടുത്തു.

ചൈനയില്‍ നിലവിലുണ്ടായ രോഗവ്യാപനത്തിനു കാരണം ഇന്‍ഫ്‌ളുവന്‍സ വൈറസ് ആണെന്നാണ് നിരീക്ഷണ സംഘത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനമുണ്ടാക്കുന്ന RSV, HMPV വൈറസുകള്‍ ഈ സീസണില്‍ സ്വാഭാവികമാണെന്നും വിദഗ്ധ സംഘത്തിന്റെ വിലയിരുത്തലില്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു.

ലഭ്യമായ എല്ലാ സ്രോതസ്സുകൡലൂടെയും ചൈനയിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികളെ കുറിച്ച് കൃത്യമായി വിവരങ്ങള്‍ അറിയിക്കാന്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.

എന്താണ് എച്ച്എംപി വൈറസ്

ശ്വാസകോശ അണുബാധയുള്ള കുട്ടികളെ നിരീക്ഷിച്ച ഒരു സംഘം ഡച്ച് ഗവേഷകരാണ്‌സാമ്പിളുകള്‍ പഠനം നടത്തുന്നതിനിടെ ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ന്യൂമോവിരിഡേ കുടുംബത്തിലെ മെറ്റാന്യൂമോവൈറസ് വര്‍ഗത്തില്‍പെട്ട വൈറസാണ് എച്ച്എംപിവി.

ലക്ഷണങ്ങള്‍

ഫ്‌ലൂ ആയോ ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിങ്ങനെയെല്ലാണ് വൈറസ് ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യത.കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി. ബാധിച്ചവരിലും കണ്ടു വരുന്നത്. പിന്നീട് ബ്രോങ്കൈറ്റിസ്, ന്യുമോണിയ എന്നിവയിലേക്കു കടക്കും. രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഗുരതമാകാനുള്ള സാധ്യത കൂടുതല്‍. രോഗാവസ്ഥ ഗുരുതരമാകുന്നതില്‍ കൊവിഡ് വ്യാപനത്തിനു ശേഷമുള്ള ശാരീരിക അവസ്ഥകളും, തണുപ്പും പ്രധാന പങ്കുവഹിക്കുന്നു.

SCROLL FOR NEXT