നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനിൽക്കുന്നതിനാൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (സെപ്റ്റംബർ 9) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളിൽ നാളെ നടക്കുന്ന പ്രവേശന നടപടികൾക്ക് മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.
ജില്ലയിലെ കുടിവെള്ള പ്രശ്നത്തെത്തുടർന്ന് നഗരസഭാ പരിധിയിലെ സ്കൂളുകൾക്ക് നാളെ അവധി നൽകാൻ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി കളക്ടര്‍ക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെയാണ് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്.
നഗരത്തിൽ എപ്പോൾ വെള്ളമെത്തുമെന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. നാളെ ഉച്ചയോടെ എല്ലായിടത്തും വെള്ളം എത്തുമെന്ന് വാട്ടർ അതോറിറ്റി ടെക്നിക്കൽ അംഗം സേതുകുമാർ പറഞ്ഞു. ഒന്നരമണിക്കൂറിനുള്ളിൽ അലൈൻമെൻ്റ് ശരിയാക്കും. അർധരാത്രിയോടെ ജലം എത്തി തുടങ്ങുമെന്നും വാട്ടർ അതോറിറ്റി അറിയിച്ചു. കഴിവതും വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റിക്ക് മന്ത്രി ശാസന നൽകിയിട്ടുണ്ട്.
തലസ്ഥാനത്തെ കുടിവെള്ള പ്രതിസന്ധിയിൽ വിമർശിച്ച് വി.കെ. പ്രശാന്ത് എം.എല്‍.എയും രംഗത്തെത്തിയിരുന്നു. കുറ്റകരമായ അനാസ്ഥയാണെന്നും, ഒരു സ്ഥലത്തെ പണി കാരണം മുഴുവൻ ജലവിതരണവും മുടങ്ങുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം കന്യാകുമാരി റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലിന് മുന്നോടിയായി പ്രധാന പൈപ്പ് ലൈൻ മാറ്റിയിടുന്നതിനു തുടങ്ങിവെച്ച പണിയാണ് ജില്ലയിലെ നഗരവാസികളെ പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞ നാല് ദിവസങ്ങളായി തിരുവനന്തപുരം ജില്ലയിലെ 44 വാർഡുകളിൽ കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുകയാണ് നഗരവാസികൾ.