ലൈംഗിക ആരോപണ കേസിൽ മുകേഷിൻ്റെ മൂൻകൂർ ജാമ്യാപേക്ഷക്കെതിരെ അപ്പീൽ നൽകുന്നതിൽ നിന്ന് പ്രത്യേക അന്വേഷണ സംഘത്തിന് വിലക്ക്. അപ്പീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കവെയാണ് ആഭ്യന്തര വകുപ്പിൻ്റെ ഇടപെടലുണ്ടായത്. ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് നിര്‍ദേശം.
ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ എറണാകുളം മരട് പൊലീസാണ് മുകേഷിനെതിരെ ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തത്. 2011ൽ ഒരു സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനിടെ മുകേഷ് തന്നെ പീഡിപ്പിച്ചെന്നാണ് നടിയുടെ പരാതി. പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് മുൻകൂർ ജാമ്യം തേടി മുകേഷ് കോടതിയെ സമീപിച്ചത്. പരാതി കെട്ടിച്ചമച്ചതാണെന്നും തൻ്റെ രാഷ്ട്രീയ അഭിനയ ഭാവി തകർക്കാനുള്ള ഗൂഢാലോചന ആണെന്നും മുകേഷ് കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി തന്നെ ബ്ലാക്ക് മെയിൽ ചെയ്തതിന് തെളിവുണ്ടെന്നും മുകേഷ് വാദിച്ചിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് രഹസ്യവാദം നടത്തിയ ശേഷം എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യം നൽകിയത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു അന്വേഷണ സംഘത്തിൻ്റെ തീരുമാനം. എന്നാൽ ഹൈക്കോടതിയെ സമീപിക്കേണ്ടെന്നാണ് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം.