NEWSROOM

സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യം; മെഡിക്കൽ വിദ്യാർഥികൾക്കുള്ള പുതിയ പാഠപുസ്തകം പുറത്തിറക്കി ദേശീയ മെഡിക്കൽ കമ്മീഷൻ

2022 ൽ മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് മുമ്പ് ഈ വിഷയങ്ങൾ നീക്കം ചെയ്തിരുന്നു

Author : ന്യൂസ് ഡെസ്ക്


സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ. ബിരുദ മെഡിക്കൽ വിദ്യാർഥികൾക്കായി അവതരിപ്പിച്ച ഏറ്റവും പുതിയ പാഠപുസ്തകത്തിലാണ് സ്വവർഗാനുരാഗം ലൈംഗിക കുറ്റകൃത്യമാണെന്ന വിവാദ പരാമർശങ്ങൾ ഉള്ളത്. ഫെറ്റിഷിസം, സാഡിസം, വോയൂറിസം, എക്സിബിഷനിസം, ട്രാൻസ്‌വെസ്റ്റിസം, നെക്രോഫീലിയ എന്നിവയും പുതിയ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബിരുദ വിദ്യാർഥികൾക്കുള്ള ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി പാഠപുസ്തകത്തിലാണ് മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

ഇതോടപ്പം കന്യാചർമത്തിന്റെ പ്രാധാന്യം, കന്യകാത്വം, നിയമസാധുത തുടങ്ങിയ മുമ്പ് നീക്കം ചെയ്ത ഭാഗങ്ങളും പുതിയ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2022 ൽ മദ്രാസ് ഹൈക്കോടതി നിർദേശത്തെ തുടർന്ന് മുമ്പ് ഈ വിഷയങ്ങൾ നീക്കം ചെയ്തിരുന്നു. സ്വവർഗാനുരാഗത്തെ ലൈംഗികകുറ്റകൃത്യങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇവയാണ് വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നത്.

ക്വീർ വ്യക്തികൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗികത, വിവാഹേതര ബന്ധം, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ പറ്റിയും പുതിയ പുസ്‍തകത്തിൽ പരാമർശമില്ല. കൂടാതെ ഫൗണ്ടേഷൻ കോഴ്സിന്റെ ഭാഗമായുള്ള വൈകല്യത്തെക്കുറിച്ചുള്ള ഏഴ് മണിക്കൂർ നീണ്ട പരിശീലനവും പുതിയ പാഠ്യപദ്ധതിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ആഗോള ട്രെൻഡുകൾ അടിസ്ഥാനമാക്കി അറിവും വൈദഗ്ധ്യവും മൂല്യങ്ങളുമുള്ള ഒരു മെഡിക്കൽ ബിരുദധാരിയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പാഠ്യപദ്ധതി അവതരിപ്പിച്ചത് എന്നാണ് കമ്മീഷൻ അവകാശപ്പെടുന്നത്. അതേസമയം പുതിയ ഈ വിഷയങ്ങൾ വീണ്ടും ഉൾപ്പെടുത്തുന്നത്തിനു ധാരാളം വിമർശനങ്ങളും ഉയർന്നിട്ടുണ്ട്.

SCROLL FOR NEXT