NEWSROOM

"നിങ്ങളൊരു പുരുഷന്‍ ആണെങ്കില്‍ അതിലൂടെ കടന്നു പോകേണ്ടി വരില്ല"; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് ഹണി റോസ്

സിനിമാ മേഖലയില്‍ പുതിയതായി വരുന്നവരുടെ പ്രശ്നങ്ങളെ കുറിച്ചും ഹണി റോസ് സംസാരിച്ചു

Author : ന്യൂസ് ഡെസ്ക്


മലയാളം സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്ന് സംസാരിച്ച് നടി ഹണി റോസ്. ന്യൂസ് 18നോട് സംസാരിക്കവെയാണ് താരം ഇക്കാര്യം സംസാരിച്ചത്. നിങ്ങളൊരു പുരുഷനാണെങ്കില്‍ കാസ്റ്റിങ് കൗച്ചിലൂടെ കടന്ന് പോകേണ്ടി വരില്ലെന്നാണ് ഹണി റോസ് പറഞ്ഞത്.

'ഒരു സിനിമാ മേഖലയിലും പേടിയുടെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ശാരീരികമായ ഉപദ്രവം ഉണ്ടായാല്‍ മാത്രമാണ് അതൊരു യഥാര്‍ത്ഥ ഭീഷണിയാകുന്നത്. അത്തരം കാര്യങ്ങളെ കുറിച്ച് അധികം ഞാന്‍ കേട്ടിട്ടില്ല. എന്റെ അനുഭവത്തില്‍ അത് നടന്നിട്ടുള്ളത് ഫോണ്‍ കോളിലൂടെയാണ്. അപ്പോള്‍ നമുക്ക് കൃത്യമായി തന്നെ മറുപടി കൊടുക്കാനാകുമല്ലേ? നമ്മള്‍ അത് ചെയ്തു കഴിഞ്ഞാല്‍ പിന്നെ അവര്‍ നമ്മളെ വിളിക്കില്ല. പക്ഷെ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുമോ എന്ന ചോദ്യം ബാക്കി നില്‍ക്കും. അപ്പോഴാണ് പേടിയുണ്ടാകുന്നത്', ഹണി റോസ് പറഞ്ഞു.

സിനിമാ മേഖലയില്‍ പുതിയതായി വരുന്നവരുടെ പ്രശ്‌നങ്ങളെ കുറിച്ചും ഹണി റോസ് സംസാരിച്ചു. പുതുതായി വരുന്നവര്‍ ചൂഷണം നേരിടാനുള്ള സാധ്യത കൂടുതലാണെന്നാണ് ഹണി റോസിന്റെ അഭിപ്രായം. ഹണി റോസ് ഏറ്റവും കൂടുതല്‍ ചൂഷണങ്ങള്‍ നേരിട്ടിട്ടുള്ളത് ഫോണ്‍ കോളിലൂടെയാണെന്നും പറഞ്ഞു. 'നിങ്ങള്‍ അതിനോട് ശക്തമായി പ്രതികരിച്ചാല്‍ പിന്നെ സിനിമ ലഭിക്കണമെന്നില്ല. അതാണ് യാഥാര്‍ത്ഥ്യം', എന്നും ഹണി റോസ് വ്യക്തമാക്കി.

ഇതേ കുറിച്ച് തുറന്ന് സംസാരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നാണ് ഹണി റോസ് പറയുന്നത്. കാസ്റ്റിങ് കൗച്ചിന്റെ ഏറ്റവും വലിയ പ്രശ്നം കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടേക്കാം എന്നതാണെന്നും ഹണി റോസ് കൂട്ടിച്ചേര്‍ത്തു. 'അതുകൊണ്ട് നിങ്ങള്‍ നിരന്തരം പൊരുതിക്കൊണ്ടിരിക്കണം. പക്ഷെ നിങ്ങളൊരു പുരുഷനാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ നേരിടേണ്ടി വരില്ല', എന്നും അഭിമുഖത്തില്‍ ഹണി റോസ് പറഞ്ഞു.


SCROLL FOR NEXT