നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്ത സംഭവത്തിൽ രാഹുലിൻ്റെ അറസ്റ്റിനൊരുങ്ങി പൊലീസ്. കേസ് അന്വേഷണത്തിനായി ആറ് പേരടങ്ങുന്ന പ്രത്യേക സംഘം രൂപീകരിച്ചു. സംഭവത്തിൽ ഹണി റോസിൻ്റെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ ഇന്ന് കോടതിയെ സമീപിക്കും.
ALSO READ: ദുരൂഹത ഒഴിയാതെ ബാലരാമപുരത്തെ അരുംകൊല; കുഞ്ഞിന്റെ അമ്മാവൻ ഹരികുമാറിൻ്റെ വിശദമായ ചോദ്യം ചെയ്യൽ ഇന്ന്
ഹണി റോസിന്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് എടുത്തത്. ചാനല്‍ ചർച്ചകളില്‍ തന്റെ വസ്ത്രധാരണത്തെപ്പറ്റി രാഹുൽ ഈശ്വർ മോശമായി സംസാരിച്ചുവെന്നാണ് നടിയുടെ ആരോപണം. രാഹുൽ ഈശ്വറിനെതിരെ മുൻപും ഹണി റോസ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയെന്ന് കാട്ടിയായിരുന്നു പരാതി നൽകിയിരുന്നത്. താനും കുടുംബവും അനുഭവിക്കുന്ന കടുത്ത മാനസികസമ്മർദത്തിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ രാഹുൽ ഈശ്വർ ആണെന്നാണ് ഈ പരാതി നൽകുന്നതിന് മുൻപ് ഹണി റോസ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചത്.
ALSO READ: VIDEO | SFI നേതാക്കളെ മർദിച്ച സംഭവം: പ്രതികളായ KSUകാർക്ക് രക്ഷപ്പെടാൻ ആംബുലൻസ് സജ്ജീകരിച്ചത് പൊലീസ്
ഹണി റോസിന്റെ വസ്ത്രം പൊതു സമൂഹം ഓഡിറ്റു ചെയ്യുമെന്നായിരുന്നു രാഹുല്‍ ഈശ്വര്‍ ഇതിനു നൽകിയ മറുപടി. ഹണി റോസ് വിമര്‍ശനത്തിനതീതയല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു. സംഘടിതമായ ആക്രമണം ഒരിക്കലും താന്‍ നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയെന്ന് തെളിഞ്ഞാല്‍ വിചാരണ പോലും നേരിടാതെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.