ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്ന വ്യക്തിക്കെതിരെ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയ സാഹചര്യം തുറന്ന് പറഞ്ഞ് നടി ഹണി റോസ്. തന്റെ പിറകെ നടന്ന് ഉപദ്രവിക്കുകയായിരുന്ന വ്യക്തിക്കെതിരെയാണ് പോസ്റ്റിട്ടത് എന്ന് ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു. അഭിഭാഷകരുടെ നിർദേശമുള്ളത് കൊണ്ട് മാത്രമാണ് പേര് വെളിപ്പെടുത്താത്തത്. ഇനിയും ഉപദ്രവം തുടർന്നാൽ തീർച്ചയായും പരാതി നൽകും. അയാൾ പങ്കെടുക്കുന്ന പരിപാടികളിൽ പങ്കിടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ഉപ്രദവം ആരംഭിച്ചതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കുറച്ചുനാളുകയായി തനിക്കും കുടുംബത്തിനുമുണ്ടായ മോശം അനുഭവം മൂലമാണ് ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി തവണ ഇക്കാര്യം വ്യക്തിയോട് സൂചിപ്പിച്ചിരുന്നു. ആദ്യ പരിപാടി കഴിഞ്ഞ ഉടൻ തന്നെ ഇയാളോട് കാര്യം പറഞ്ഞിരുന്നു. ഇന്ത്യയിൽ ഒരാൾക്കും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലെന്നും എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ചിന്ത ആർക്കുമുണ്ടാവരുതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചെന്ന ഹണി റോസിൻ്റെ പരാതിയിൽ ഒരാൾ അറസ്റ്റിലായി. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. നടി എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 30 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.
ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്. ലൈംഗികാതിക്രമത്തിന്റെ പരിധിയിൽ പെടുന്ന, ഒരു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.
കഴിഞ്ഞ ദിവസം നടി ഒരു വ്യക്തി തന്നെ ലൈംഗിക ചുവയോടുകൂടി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ അപമാനിക്കുന്നു എന്ന വെളിപ്പെടുത്തലുമായി ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെയാണ് മോശം കമൻ്റുകൾ നിറഞ്ഞത്. ഇതോടെ നടി പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഹണിറോസിൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വലിയ ചർച്ചയായിരുന്നു. ലൈംഗിക ധ്വനിയുള്ള ദ്വയാർഥ പ്രയോഗങ്ങളിലൂടെ ഒരാൾ അപമാനിക്കുന്നതായായിരുന്നു ഹണിയുടെ വെളിപ്പെടുത്തൽ. ഉദ്ഘാടന ചടങ്ങിന് പോകാൻ വിസമ്മതിച്ചതിന് പ്രതികാരം വീട്ടുന്നതായും താൻ പോകുന്ന പരിപാടികളിൽ പിന്തുടർന്ന് എത്തി ഇയാൾ അപമാനിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.
പണത്തിൻ്റെ ധാർഷ്ട്യം കൊണ്ട് ഒരു സ്ത്രീയെ അവഹേളിക്കുന്നത് കുറ്റകൃത്യമാണെന്നും ഒരാളുടെ വ്യക്തി സ്വാതന്ത്ര്യം എന്നത് മറ്റൊരാളെ അപമാനിക്കാനുള്ള സ്വാതന്ത്ര്യം അല്ലെന്നും ഹണി കുറിപ്പിൽ പറയുന്നു. അപമാനിക്കുന്നത് ആരെന്ന് പരാമർശിക്കാതെയാണ് എഫ്ബി പോസ്റ്റ്.