NEWSROOM

'റഷ്യൻ ക്രൂരതയുടെ ഭയാനകമായ ഓർമപ്പെടുത്തൽ'; കീവ് അക്രമണത്തിൽ അപലപിച്ച് ജോ ബൈഡൻ

റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്

Author : ന്യൂസ് ഡെസ്ക്

യുക്രെയ്നിലെ റഷ്യൻ മിസൈൽ ആക്രണമത്തിൽ പ്രതികരണവുമായി അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. റഷ്യയുടെ ക്രൂരതയുടെ ഭയാനകമായ ഓർമപ്പെടുത്തലാണിതെന്നും കീവിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുമെന്നും ബൈഡൻ വ്യക്തമാക്കി. ചൊവ്വാഴ്ച വാഷിംഗ്ടണിൽ നാറ്റോ ഉച്ചക്കോടിക്ക് ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.

റഷ്യൻ ആക്രമണങ്ങളിൽ നിന്ന് നഗരങ്ങളെയും സാധാരണക്കാരേയും സംരക്ഷിക്കാൻ അമേരിക്ക കൂടുതൽ സഹായമേർപ്പെടുത്തും. യുക്രെയ്നിൻ്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനുള്ള പുതിയ നടപടികൾ സ്വീകരിക്കുമെന്നും ബൈഡൻ പറഞ്ഞു. ഒപ്പം യുക്രെയ്നോടുള്ള പിന്തുണ വ്യക്തമാക്കാൻ പ്രസിഡൻ്റ് സെലൻസ്കിയുമായി കൂടികാഴ്ച നടത്തുമെന്നും ബൈഡൻ വ്യക്തമാക്കി. റഷ്യൻ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ യുക്രെയ്നിൽ പ്രതിരോധം കടുപ്പിക്കാൻ നാറ്റോ ഉച്ചക്കോടിയില്‍ ഊന്നൽ നൽകും.

റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. ആശുപത്രി ജീവനക്കാരടക്കം 22 ആളുകള്‍ കൊല്ലപ്പെടുകയും, മൂന്നു കുട്ടികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണത്തില്‍ മറ്റിടങ്ങളിലായി ഏകദേശം 36 ആളുകളും കൊല്ലപ്പെട്ടിട്ടുണ്ട്. അതേസമയം ആക്രമണത്തിൻ്റെ മുഴുവന്‍ ഉത്തരവാദിത്തവും റഷ്യ ഏറ്റെടുക്കണമെന്നും കുട്ടികള്‍ക്കെതിരെയും മനുഷ്യത്വത്തിനെതിരെയും നടത്തിയ കുറ്റകൃത്യങ്ങള്‍ക്കെതിരെ പൂര്‍ണമായും റഷ്യ ഉത്തരം നല്‍കണം എന്നും യുക്രെയ്ന്‍ പ്രസിഡൻ്റ് വോളോഡിമിര്‍ സെലെന്‍സ്‌കി പ്രതികരിച്ചിരുന്നു.

പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കളും റഷ്യയുടെ ആക്രമണത്തെ അപലപിച്ചു. നിരപരാധികളായ കുട്ടികളെ ആക്രമിക്കുന്നത് ഏറ്റവും നികൃഷ്ടമായ പ്രവര്‍ത്തനമാണെന്നും, യുക്രെയ്ന് തുടര്‍ച്ചയായ പിന്തുണ നല്‍കുമെന്നും കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞിരുന്നു.

SCROLL FOR NEXT