NEWSROOM

ഹോട്ടൽ അടിച്ച് തകർത്ത സംഭവം: പൾസർ സുനി അറസ്റ്റിൽ

ഹോട്ടലിൽ കയറി തെറിവിളിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും ,ഹോട്ടലിൻ്റെ ചില്ല് അടിച്ച് തകർത്തതിനുമാണ് കേസ്

Author : ന്യൂസ് ഡെസ്ക്

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പൾസർ സുനി പെരുമ്പാവൂർ കുറുപ്പംപടിയിലെ ഹോട്ടൽ അടിച്ച് തകർത്ത കേസിൽ അറസ്റ്റിൽ. കേസിൽ പൾസർ സുനിയെ ഇന്ന് കസ്റ്റഡിയിലെടുത്തിരുന്നു. ഹോട്ടലിൽ കയറി തെറിവിളിച്ചതിനും, ഭീഷണിപ്പെടുത്തിയതിനും ,ഹോട്ടലിൻ്റെ ചില്ല് അടിച്ച് തകർത്തതിനുമാണ് കേസ്. അറസ്റ്റ് വിവരം വിചാരണ കോടതിയെ അറിയിക്കാനാണ് പൊലീസ് നീക്കം. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യവ്യവസ്ഥകളോടെയാണ് സുനി പുറത്തിറങ്ങിയത്. ഈ കേസിൽ വിചാരണയ്ക്കായി പൾസർ സുനി ഇന്ന് ഹാജരാകേണ്ടിയിരുന്നു. സുനി കസ്റ്റഡിയിൽ ആണെന്ന വിവരം പൊലീസ് കോടതിയെ അറിയിച്ചു. കുറുപ്പംപടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് സുനിയെ അറസ്റ്റ് ചെയ്തത്.

കേരളത്തിൽ ഏറെ ചർച്ചയായ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് പൾസർ സുനി. കടുത്ത ഉപാധികളോടെയാണ് കേസിൽ വിചാരണ കോടതി സുനിക്ക് ജാമ്യം അനുവദിച്ചത്. പ്രതി മാധ്യമങ്ങളോട് സംസാരിക്കരുത്, മറ്റ് കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, ഒന്നിൽ കൂടുതൽ സിം ഉപയോഗിക്കരുത്, ഫോൺ നമ്പർ കോടതിയിൽ നൽകണം തുടങ്ങിയ നിർദേശങ്ങളാണ് കോടതി ജാമ്യ വ്യവസ്ഥയായി മുന്നോട്ട് വച്ചത്. ജാമ്യ കാലയളവിൽ പൾസർ സുനി അനുവാദമില്ലാതെ കോടതി പരിധിവിട്ട് പോകരുതെന്നും കോടതി നിർദേശിച്ചിരുന്നു. എല്ലാ മാസവും 10ന് പൾസർ സുനി പൊലീസിന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യ ഉത്തരവിൽ നിർദേശിക്കുന്നുണ്ട്. ജാമ്യം ലഭിച്ച ശേഷം പ്രൊബേഷൻ ഓഫീസർ പ്രതിയുടെ പെരുമാറ്റം സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

2017 ഫെബ്രുവരിയിലാണ് അങ്കമാലിയിൽ വെച്ച് ഓടുന്ന കാറിൽ വെച്ച് നടി ആക്രമിക്കപ്പെടുന്നത്. സിനിമാ ലൊക്കേഷനിൽ നിന്നും മടങ്ങുകയായിരുന്ന നടിയെ പൾസർ സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തക്കം പാർത്തിരുന്ന് ആക്രമിക്കുകയായിരുന്നു. ഇത് ദിലീപ് നൽകിയ ക്വട്ടേഷനായിരുന്നു എന്നാണ് പിന്നീട് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിനെ തുടർന്ന് നടൻ അറസ്റ്റിലാകുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു. പിന്നീട് കോടതി നടന് ജാമ്യം അനുവദിക്കുകയായിരുന്നു.

SCROLL FOR NEXT