NEWSROOM

എരുമേലിയില്‍ വീടിന് തീപിടിച്ച സംഭവം; ഭാര്യയ്ക്കു പിന്നാലെ ഭര്‍ത്താവും മകളും മരിച്ചു

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സത്യപാലന്റെ വീടിന് തീപിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയുമാണ് തീയണച്ചത്

Author : ന്യൂസ് ഡെസ്ക്

കോട്ടയം എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തന്‍പുരക്കല്‍ സത്യപാലന്‍(53), മകള്‍ അഞ്ജലി (26) എന്നിവരാണ് മരിച്ചത്. സത്യപാലന്റെ ഭാര്യ സീതമ്മ (50) നേരത്തേ മരിച്ചിരുന്നു. ഇതോടെ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ മകന്‍ ഉണ്ണിക്കുട്ടന്‍ (22) ചികിത്സയിലാണ്.

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സത്യപാലന്റെ വീടിന് തീപിടിച്ചത്. തീ ആളിപ്പടരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിരക്ഷാസേനയുമാണ് തീയണച്ചത്. ഗുരുതരമായി പൊള്ളലേറ്റ സീതമ്മ ഉടന്‍ തന്നെ മരിച്ചിരുന്നു. സത്യപാലനും അഞ്ജലിയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.

തീപിടുത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല. രാവിലെ ഒരു യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. കുടുംബാംഗങ്ങള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്നും വിവരമുണ്ട്. യുവാവ് പോയതിനു പിന്നാലെ വീട്ടില്‍ വഴക്കുണ്ടായെന്നും പിന്നാലെ വീടിനുള്ളില്‍ തീപടര്‍ന്നുവെന്നുമാണ് പ്രാഥമിക നിഗമനം. വീട്ടില്‍ വച്ച് ആരെങ്കിലും ആത്മഹത്യാശ്രമം നടത്തിയതാണോ എന്നും സംശയമുണ്ട്.

SCROLL FOR NEXT