NEWSROOM

യുഎസ് പ്രസിഡന്‍റിനെ നിർണയിക്കുന്ന ഇലക്ട്രല്‍ കോളേജ് പ്രവർത്തിക്കുന്നത് എങ്ങനെ?

നവംബർ അഞ്ച് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്നവരാണോ യുഎസ് പ്രസിഡന്‍റാവുക?

Author : ന്യൂസ് ഡെസ്ക്

നവംബർ അഞ്ചിനു നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ അവസാന ലാപ്പ് പ്രചരണത്തിലാണ് യുഎസ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസും റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപും ഇഞ്ചോടിഞ്ചാണ് മത്സരിച്ചു കൊണ്ടിരിക്കുന്നത്. ആഴ്ചകള്‍തോറും ഇവരുടെ ജനസമ്മതിയുടെ കയറ്റിറക്കങ്ങള്‍ കാട്ടി പ്രീ പോള്‍ സർവേ റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ നവംബർ അഞ്ച് ചൊവ്വാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടുന്നവരാണോ യുഎസ് പ്രസിഡന്‍റാവുക? അല്ല. യുഎസ് തെരഞ്ഞെടുപ്പ് രീതി പ്രകാരം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഇലക്ട്രല്‍ കോളേജാണ്. അതായത്, യുഎസിലെ 50 സ്റ്റേറ്റുകള്‍ക്കും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയ്ക്കും അനുവദിച്ചിരിക്കുന്ന നിശ്ചിത എണ്ണം ഇലക്ട്രല്‍ വോട്ടുകള്‍ നേടുന്നവരാകും അടുത്ത യുഎസ് പ്രസിഡന്‍റ്.


എന്താണ് ഇലക്ട്രല്‍ കോളേജ്?

വോട്ട് രേഖപ്പെടുത്തുന്നതിനായി പോളിങ് ബുത്തിലേക്ക് എത്തുന്ന ഒരു യുഎസ് പൗരന് ലഭിക്കുന്ന ബാലറ്റ് പേപ്പറില്‍ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് സ്ഥാനാർഥികളുടെ പേരുകൾ മാത്രമേ കാണൂ. അതില്‍ അവരുടെ താല്‍പര്യത്തിന് അനുസരിച്ച് വോട്ട് അടയാളപ്പെടുത്തുമ്പോള്‍ വോട്ടർമാർ യഥാർഥത്തിൽ ഇലക്‌ടർമാരുടെ ഒരു ഗ്രൂപ്പിന്, അല്ലെങ്കിൽ "സ്ലേറ്റിന്" ആണ് വോട്ടുചെയ്യുന്നത്.

യുഎസില്‍ ആകെ 538 ഇലക്ട്രൽ വോട്ടുകൾ അല്ലെങ്കിൽ ഇലക്‌ടർമാരാണുള്ളത്.അതായത് ഒരു സ്ഥാനാർഥിക്ക് വിജയിക്കണമെങ്കില്‍ 270 ഇലക്ടർമാരുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.

തങ്ങളുടെ സ്റ്റേറ്റില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്ന് പ്രതിജ്ഞ ചെയ്തവരാണ് ഇലക്ടർമാർ. എന്നാല്‍ ഇതിനു വിരുദ്ധമായി വോട്ടിങ് നടന്ന സംഭവങ്ങളും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ നടന്നിട്ടുണ്ട്. ഓരോ ഇലക്ടറും ഇലക്ട്രൽ കോളേജിൽ ഒരു വോട്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. അതായത് സ്ഥാനാർഥികളെ സംബന്ധിച്ച് ഓരോ വോട്ടും പ്രധാനമാണ്.

2020 തെരഞ്ഞെടുപ്പില്‍ 306 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയാണ് യുഎസ് പ്രസിഡന്‍റായി ജോ ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടത്. 232 ഇലക്ടർമാരാണ് എതിർ സ്ഥാനാർഥി ട്രംപിനെ പിന്തുണച്ചത്. എന്നാല്‍ ഇലക്ട്രല്‍ കോളേജ് വലിയ തോതില്‍ വിമർശനങ്ങളും നേരിടുന്നുണ്ട്. ഏറ്റവും കൂടുതല്‍ ജനപിന്തുണ നേടുന്ന സ്ഥാനാർഥികള്‍ തോല്‍ക്കുന്ന സാഹചര്യം ഉണ്ടാകുന്നതാണ് ഇത്തരം വിമർശനങ്ങള്‍ക്ക് കാരണം. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരല്ല ചിലപ്പോഴൊക്കെ യുഎസ് ഭരിക്കുന്നതെന്നാണ് ഈ തെരഞ്ഞെടുപ്പ് വ്യവസ്ഥയുടെ വിരോധാഭാസം. 2000ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ജോർജ് ഡബ്ല്യൂ ബുഷും 2016ല്‍ ഡോണാള്‍ഡ് ട്രംപും ജനപിന്തുണയില്ലാതിരുന്നിട്ടും യുഎസ് പ്രസിഡന്‍റായത് ഇതിനു ഉദാഹരണമാണ്.

ഈ സംവിധാനത്തിന്‍റെ പ്രധാന പോരായ്മയായി ഇതാണ് പലപ്പോഴും വിമർശകർ ഉയർത്തിക്കാട്ടുന്നത്. വലിയ നഗരപ്രദേശങ്ങളിൽ മാത്രം തെരഞ്ഞെടുപ്പിനെ ഒതുക്കാതെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വോട്ട് തേടാൻ ഈ രീതി സ്ഥാനാർഥികളെ പ്രേരിപ്പിക്കുന്നുവെന്നാണ് ഇലക്ട്രൽ കോളേജിൻ്റെ വക്താക്കളുടെ അവകാശവാദം.

നിസാരമല്ല ഒരു  ഇലക്ട്രല്‍ വോട്ട്

യുഎസിലെ ഓരോ സ്റ്റേറ്റുകളിലേയും ഇലക്ടർമാരുടെ എണ്ണം വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു സ്റ്റേറ്റിനു കോൺഗ്രസിൽ എത്ര പ്രതിനിധികളും സെനറ്റർമാരുമാണോ ഉള്ളത് അത്രയും ഇലക്ടർമാരാണ് അവർക്ക് അനുവദിക്കുക. എല്ലാ സ്റ്റേറ്റുകള്‍ക്കും രണ്ട് സെനറ്റർമാരുണുള്ളത്, എന്നാൽ ജനപ്രതിനിധിസഭയിലെ (ഹൗസ് ഓഫ് റെപ്രസന്‍റേറ്റീവ്സ്) സീറ്റു വിഹിതം ജനസംഖ്യയെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടുന്നു. ഇതാണ് ഇലക്ടർമാരുടെ എണ്ണം വ്യത്യാസപ്പെടാന്‍ കാരണം.

യുഎസിലെ ഏറ്റവും വലിയ സ്റ്റേറ്റായ കാലിഫോർണിയക്ക് 54 ഇലക്ടർമാരാണുള്ളത്. ജനസംഖ്യ കുറഞ്ഞ ആറ് സ്റ്റേറ്റുകള്‍ക്കും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയക്കും മൂന്ന് വീതവും. ഒരു സംസ്ഥാനത്തിനു അനുവദിക്കുന്ന ഏറ്റവും കുറവ് ഇലക്ടർമാരുടെ എണ്ണമാണിത്.

അതായത് ജനസംഖ്യ ഏറ്റവും കുറഞ്ഞ വയോമിങ്ങിലെ ഒരു ഇലക്ട്രല്‍ വോട്ട് സ്റ്റേറ്റിലെ 192,000 ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. 730,000 പേരെ പ്രതിനിധീകരിക്കാന്‍ ഒരു വോട്ടെന്നാണ് ടെക്സാസിലെ കണക്ക്.

രണ്ട് സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർഥിക്ക് അവിടുത്തെ എല്ലാ ഇലക്ട്രൽ വോട്ടുകളും ലഭിക്കും എന്നാണ് വ്യവസ്ഥ. അതായത് വലിയ മാർജിനില്‍ വിജയിക്കുന്നതും ഒരു വോട്ടിന് വിജയിക്കുന്നതും തുല്യമെന്ന് അർഥം. അതു കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചരണം പലപ്പോഴും ഇത്തരത്തില്‍ ചെറിയ വ്യതിയാനങ്ങളിലൂടെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും കൊണ്ടുതരുന്ന സ്റ്റേറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും. ഇവയാണ് ബാറ്റില്‍ ഗ്രൗണ്ട് സ്റ്റേറ്റുകള്‍. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, അരിസോണ, ജോർജിയ, മിഷിഗൺ, നോർത്ത് കരോലിന, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റുകള്‍.

ഇലക്ടർമാർ എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തുന്നത്? അട്ടിമറികളുടെ സാധ്യത എന്തൊക്കെ?

നവംബർ 5ന് സ്റ്റേറ്റുകളിലെ വോട്ടെടുപ്പോടെ തെരഞ്ഞെടുപ്പിലെ ജനങ്ങളുടെ ഭാഗം പൂർത്തിയാകുന്നു. ഡിസംബർ 17ന് ഇലക്ടർമാർ ഒത്തുചേർന്ന് തങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷം ഫലം കോണ്‍ഗ്രസിനു കൈമാറും. 270 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ വോട്ടുകള്‍ നേടുന്നവരായിരിക്കും യുഎസ് പ്രസിഡന്‍റ്. ജനുവരി 6ന് കോണ്‍ഗ്രസ് ഈ വോട്ടുകള്‍ എണ്ണി ഉറപ്പുവരുത്തും. ജനുവരി 20നായിരിക്കും പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ.

എന്നാല്‍, 2016ല്‍ സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇലക്ടർമാർ ഇലക്ട്രല്‍ കോളേജ് സംവിധാനത്തെ അട്ടിമറിച്ചു. 538 ഇലക്ടർമാരില്‍ ഏഴ് പേർ അവരുടെ സ്റ്റേറ്റില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ സ്ഥാനാർഥിക്കല്ല തങ്ങളുടെ പിന്തുണ നല്‍കിയത്. ഹിലരി ക്ലിന്‍റനാണ് ഇലക്ട്രല്‍ അട്ടിമറിയില്‍ പ്രസിഡന്‍റ് സ്ഥാനം കയ്യില്‍ നിന്നും വഴുതി പോയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ ഹിലരി ക്ലിൻ്റനെ തെരഞ്ഞെടുത്ത സ്റ്റേറ്റുകളെ പ്രതിനിധീകരിച്ച ഈ ഏഴ് ഇലക്‌ടർമാരിൽ മൂന്ന് പേർ മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലിന് വോട്ട് ചെയ്യുകയായിരുന്നു. ട്രംപാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

ഇത്തരത്തില്‍ ഇലക്‌ടർമാർ മറ്റ് സ്ഥാനാർഥികള്‍ക്ക് വോട്ടുചെയ്യുന്നത് തടയാനായി 33 സ്റ്റേറ്റുകളിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയിലും നിയമങ്ങളുണ്ട്. അവയിൽ ചിലതില്‍ ക്രിമിനൽ പെനാൽറ്റികളും ഉൾപ്പെടുന്നു.

269-269, ഇലക്ട്രല്‍ വോട്ടുകള്‍ സമനില ആയാല്‍...?

ഇലക്ട്രല്‍ കോളേജിന്‍റെ വലിയൊരു പോരായ്മ ഈ സംവിധാനത്തില്‍ സമനിലയ്ക്ക് സാധ്യതയുണ്ടെന്നാണ്. അതായത് 269-269 എന്ന നിലയില്‍ സ്ഥാനാർഥികള്‍ ഇലക്ട്രല്‍ വോട്ട് നേടാന്‍ സാധ്യതയുണ്ട്.

അങ്ങനെ സംഭവിക്കുകയാണെങ്കിൽ, യുഎസ് ഭരണഘടനയുടെ 12-ാം ഭേദഗതി അനുസരിച്ച്, ജനുവരി 6-ന്, പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സഭയായിരിക്കും പ്രസിഡൻ്റ് സ്ഥാനത്തിൻ്റെ വിധി തീരുമാനിക്കുക.

നിലവിൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് 26 സ്റ്റേറ്റ് പ്രതിനിധികളും ഡെമോക്രാറ്റിക് പാർട്ടിക്ക് 22 പ്രതിനിധികളുമാണ് പ്രതിനിധി സഭയിലുള്ളത്. മിനസോട്ടയിലും നോർത്ത് കരോലിനയിലും ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികള്‍ക്ക് തുല്യ പ്രാതിനിധ്യമാണ്.

പരിഷ്കരണങ്ങള്‍, നിയമങ്ങള്‍


2020 തെരഞ്ഞെടുപ്പിനു ശേഷം ഇലക്ട്രല്‍ കോളേജിലെ പിഴവുകള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷവും താനാണ് വിജയി എന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ട്രംപ് ശ്രമിച്ചതാണ് ഈ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്. ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതിന് ട്രംപ് സംസ്ഥാന ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയതായി പ്രോസിക്യൂട്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു.

പരിഷ്കരണങ്ങളുടെ ഭാഗമായി 2022-ൽ കോണ്‍ഗ്രസ് ഇലക്ട്രൽ കൗണ്ട് റിഫോം ആക്ട് പാസാക്കി. ഈ ആക്ട് പ്രകാരം, തെരഞ്ഞെടുപ്പ് ഫലങ്ങൾ കോൺഗ്രസിന് കൈമാറുന്നതിന് മുമ്പ് ഓരോ സ്റ്റേറ്റിലെയും ഗവർണറോ സംസ്ഥാനം തെരഞ്ഞെടുക്കുന്ന മറ്റ് ഉദ്യോഗസ്ഥരോ സാക്ഷ്യപ്പെടുത്തണം. ഫലം സാക്ഷ്യപ്പെടുത്തുന്നതിന് നിർബന്ധിത സമയപരിധിയും കോണ്‍ഗ്രസ് നിശ്ചയിച്ചു. 2024 ലെ തെരഞ്ഞെടുപ്പിന് ശേഷം 36 ദിവസങ്ങൾക്കുള്ളിൽ സ്റ്റേറ്റുകള്‍ വോട്ടെണ്ണല്‍ തുടങ്ങിയ മറ്റ് വ്യവഹാരങ്ങള്‍ പൂർത്തിയാക്കണമെന്നാണ് നിയമം.

ഇലക്ട്രല്‍ കോളേജ് നിർത്തലാക്കണമെന്ന ആവശ്യം ഇപ്പോഴും സജീവമാണ്. എന്നാല്‍ ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ ഈ സംവിധാനം നിർത്തലാക്കാന്‍ സാധിക്കൂ.

SCROLL FOR NEXT