ന്യൂഡിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നത്. ബംഗളൂരൂ, പൂനെ, മൂംബൈ എന്നിവിടങ്ങളിലായി നടന്ന മൂന്ന് ടെസ്റ്റും ജയിച്ച്, ചരിത്രനേട്ടം സ്വന്തമാക്കിയാണ് ന്യൂസിലന്‍ഡ് ഇന്ത്യ വിട്ടത്. സ്വന്തം മണ്ണിലെ മത്സരങ്ങള്‍ ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വാഴാമെന്ന ഇന്ത്യയുടെ കണക്കുക്കൂട്ടലുകളും പിഴച്ചു. അതോടെ, ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും മറ്റു രാജ്യങ്ങള്‍ ഉള്‍പ്പെട്ട ടെസ്റ്റ് മത്സരങ്ങളുമെല്ലാം ഇന്ത്യക്ക് നിര്‍ണായകമായി. സ്വന്തം ജയത്തോടൊപ്പം, മറ്റു ടീമുകളുടെ ജയപരാജയങ്ങളും ചേര്‍ന്നാവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിധി നിര്‍ണയിക്കുക.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍, പെര്‍ത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയെ 295 റണ്‍സിന് തോല്‍പ്പിച്ചുകൊണ്ട്, ഇന്ത്യ പ്രതീക്ഷകള്‍ സജീവമാക്കി. ടെസ്റ്റ് പോയിന്റ് പട്ടികയില്‍ ഓസീസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ഒന്നാമതെത്തുകയും ചെയ്തു. രണ്ടുനാള്‍ പിന്നിട്ടപ്പോള്‍, ശ്രീലങ്കയെ തോല്‍പ്പിച്ച ദക്ഷിണാഫ്രിക്ക ഓസീസിനെ മറികടന്ന് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തി. അതിനിടെ, ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചതോടെ, പ്രവചനാതീതമായ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്.
പോയിന്റ് പെര്‍സെന്റേജ് (പിസിടി) കണക്കാക്കിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടിക തയ്യാറാക്കുന്നത്. ആദ്യ രണ്ട് സ്ഥാനക്കാരാകും 2025ല്‍ ലോര്‍ഡ്സില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടുക. നിലവില്‍ ഇന്ത്യ (61.11), ദക്ഷിണാഫ്രിക്ക (59.26), ഓസ്ട്രേലിയ (57.69), ന്യൂസിലന്‍ഡ് (50), ശ്രീലങ്ക (50) എന്നിവരാണ് ആദ്യ നാല് സ്ഥാനത്തുള്ളത്. പോയിന്റ് പട്ടിക അന്തിമരൂപം പൂകാന്‍ ഏതാനും മത്സരങ്ങള്‍ കൂടി ബാക്കിയുണ്ട്. ഇതുവരെ ആരും സീറ്റ് ഉറപ്പാക്കിയിട്ടില്ലാത്ത മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതകള്‍ പരിശോധിക്കാം.
പരമ്പര 5-0/ 4-1/ 3-0ന് ജയിച്ചാല്‍
ഓസീസിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയാല്‍, രോഹിത്തിനും സംഘത്തിനും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. മറ്റു ടീമുകളുടെ ജയപരാജയങ്ങളൊന്നും ഇന്ത്യയെ ബാധിക്കില്ല. സമ്പൂര്‍ണ പരാജയം ഓസീസിന്റെ പ്രതീക്ഷകള്‍ക്കും മങ്ങലേല്‍പ്പിക്കും. രണ്ടാം സ്ഥാനത്തേക്ക് ദക്ഷിണാഫ്രിക്കയുടെ സാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യും.
ഓസ്ട്രേലിയക്കെതിരെ 3-1ന് ജയിച്ചാല്‍
ഇന്ത്യ മൂന്നും ഓസീസ് ഒരു മത്സരവും ജയിച്ചാല്‍, മറ്റു ടീമുകളുടെ ജയപരാജയം ആശ്രയിച്ചിരിക്കും ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് ജയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇന്ത്യക്ക് പ്രതീക്ഷവയ്ക്കാം. ദക്ഷിണാഫ്രിക്ക ജയിച്ചാല്‍ ഇന്ത്യ പുറത്താകും. ശ്രീലങ്ക-ദക്ഷിണാഫ്രിക്ക മത്സരം സമനില ആകുന്നതുപോലും ഇന്ത്യക്ക് ഗുണകരമല്ല.
ഓസ്ട്രേലിയക്കെതിരെ 3-2ന് ജയിച്ചാല്‍
ഇന്ത്യ മൂന്ന് മത്സരവും ഓസീസ് രണ്ട് മത്സരവും ജയിച്ചാല്‍ കണക്കിലെ കളി കടുക്കും. അങ്ങനെ സംഭവിച്ചാല്‍, ജനുവരി 29ന് തുടങ്ങുന്ന ശ്രീലങ്ക-ഓസീസ് ടെസ്റ്റ് മത്സരം വരെ ഇന്ത്യ കാത്തിരിക്കേണ്ടിവരും. രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരയില്‍ ഒന്നെങ്കിലും സമനിലയിലായാല്‍ ഇന്ത്യക്ക് ഫൈനലിലെത്താനുള്ള വഴി തെളിയും.
ഇന്ത്യ-ഓസ്ട്രേലിയ മത്സരം 2-2 സമനില
അഞ്ച് മത്സരങ്ങളുള്ള പരമ്പര 2-2ന് സമനിലയിലായാല്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ മങ്ങും. അങ്ങനെ സംഭവിച്ചാല്‍, ദക്ഷിണാഫ്രിക്ക ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റും ജയിക്കണം. മാത്രമല്ല, ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ശ്രീലങ്ക 1-0നെങ്കിലും ജയിക്കുകയും വേണം.