NEWSROOM

മുംബൈ ഇന്ത്യൻസിലെ 'പാളയത്തിൽ പട' ഒതുക്കിയത് രോഹിത് ശർമയുടെ മാസ്റ്റർ പ്ലാൻ!

മുംബൈ ഇന്ത്യൻസിലെ താരങ്ങളുടെ പഴയ വൈരവും ഉൾപ്പോരുമെല്ലാം പഴങ്കഥയായെന്ന സൂചനകളാണ് 2025 ഐപിഎൽ സീസണിലേക്കുള്ള റീട്ടെയ്നർ പട്ടിക തരുന്നത്

Author : ശരത് ലാൽ സി.എം


ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫ്രാഞ്ചൈസി ഏതാണെന്ന് ചോദിച്ചാൽ, ആദ്യമുയരുന്ന പേരുകളിലൊന്ന് മുംബൈ ഇന്ത്യൻസിൻ്റേത് തന്നെയാകുമെന്നതിൽ സംശയമേതുമില്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനൊപ്പം അഞ്ച് കിരീടങ്ങൾ സ്വന്തമായുള്ള ടീമാണ് രോഹിത് ശർമയുടേത്. 2023-24 സീസണിൽ മുംബൈ ടീമിന് അത്ര നല്ല കാലമായിരുന്നില്ല. രോഹിത്തിനെ മാറ്റി പുതിയ ക്യാപ്ടൻ ഹാർദിക് പാണ്ഡ്യക്ക് കീഴിൽ മത്സരിക്കാനിറങ്ങിയ മുംബൈ ഇന്ത്യൻസിന് പിഴച്ചു. ലീഗിൽ അവസാന സ്ഥാനക്കാരായാണ് ടീം സീസൺ അവസാനിപ്പിച്ചത്.

എന്നാൽ, മുംബൈ ഇന്ത്യൻസിലെ താരങ്ങളുടെ പഴയ വൈരവും ഉൾപ്പോരുമെല്ലാം പഴങ്കഥയായെന്ന സൂചനകളാണ് 2025 ഐപിഎൽ സീസണിലേക്കുള്ള റീട്ടെയ്നർ പട്ടിക തരുന്നത്. സീനിയർ താരമായ രോഹിത്തിനെ ഡ്രൈവിങ് സീറ്റിൽ നിന്ന് മാറ്റി ഒറ്റയ്ക്ക് ടീമിനെ നയിക്കാമെന്ന ഹാർദിക് പാണ്ഡ്യയുടെ കണക്കുകൂട്ടലുകൾക്കുള്ള തിരിച്ചടി ക്ലബ്ബിനും ക്യാപ്ടനും കിട്ടിയതും, ടി20 ലോകകപ്പ് കിരീട നേട്ടവും താരങ്ങൾ തമ്മിലുള്ള അകലം കുറച്ചിട്ടുണ്ട്.

മുംബൈ നഗരത്തോടുള്ള ആത്മബന്ധവും ഫ്രാഞ്ചൈസി ഉടമകളോടുള്ള കടപ്പാടുമെല്ലാം ഇന്ത്യൻ നായകൻ രോഹിത് ശർമ്മയെ ടീമിൽ തുടരാൻ നിർബന്ധിതനാക്കിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരാകും ക്യാപ്ടനെന്ന് ഇതുവരെയും ക്ലബ്ബ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാർദിക് പാണ്ഡ്യ തന്നെ ആ സ്ഥാനത്ത് തുടരുമെന്നാണ് ദി ഇന്ത്യൻ എക്സ്‌പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

അടുത്ത സീസണിലേക്കുള്ള മെഗാ ലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെയാണ് മുംബൈ ടീമിൽ നിലനിർത്തിയത്. കൂട്ടത്തിൽ രോഹിത് ശർമയ്ക്കും ഇടമുണ്ടെന്നതാണ് ആരാധകരെ ഞെട്ടിച്ചത്. താരം ക്ലബ്ബ് വിടുമെന്ന ഊഹാപോഹങ്ങൾ കഴിഞ്ഞ സീസൺ മുതൽ ശക്തമായിരുന്നു. എന്നാൽ ഇതൊന്നുമല്ല യഥാർത്ഥത്തിൽ ആരാധകർക്കിടയിൽ വലിയ ചർച്ചയായത്. ജസ്പ്രീത് ബുമ്ര (18 കോടി), സൂര്യ കുമാർ യാദവ് (16.35 കോടി), ഹാർദിക് പാണ്ഡ്യ (16.35 കോടി), രോഹിത് ശർമ (16.30 കോടി), തിലക് വർമ (8 കോടി) എന്നിങ്ങനെയാണ് താരങ്ങൾക്ക് പ്രതിഫലം പ്രഖ്യാപിച്ചത്.

ആദ്യത്തെ മൂന്ന് പേരുകാരേക്കാളും കുറവ് പ്രതിഫലമാണ് ഇന്ത്യൻ നായകന് മുംബൈ നൽകുന്നതെന്നതാണ് ഏവരേയും ഞെട്ടിച്ചത്. ഇതിന് പിന്നിലെ കാരണങ്ങൾ എന്താകുമെന്ന് ബ്ലൂ ആർമിക്കാർ തലപുകയ്ക്കുന്നതിനിടെയാണ്, എല്ലാവർക്കും തുല്ല്യ പരിഗണനയെന്ന ഫോർമുല മുന്നോട്ടുവെച്ചത് സാക്ഷാൽ ഹിറ്റ്മാൻ തന്നെയാണെന്ന റിപ്പോർട്ട് പുറത്തുവരുന്നത്. ഇന്ത്യൻ എക്സ്‌പ്രസിൻ്റെ റിപ്പോർട്ട് പ്രകാരം, മുംബൈ ഇന്ത്യൻസ് ടീമിൽ കൂടുതൽ പരിഗണന അർഹിക്കുന്ന താരം ജസ്പ്രീത് ബുമ്രയാണെന്ന രോഹിത്തിൻ്റെ നിർദേശം അനുസരിച്ചാണ് 18 കോടിയിലേക്ക് അദ്ദേഹത്തിൻ്റെ പ്രതിഫലം ഉയർത്തിയത്. തന്റെ പ്രതിഫലം കുറയ്ക്കാനും ടീമിൽ തുടരാനും രോഹിത് തയ്യാറായി. ഫ്രാഞ്ചൈസിയിലെ ഉൾപ്പോരുകളും തർക്കങ്ങളുമെല്ലാം രമ്യമായി പരിഹരിക്കപ്പെട്ടു എന്നാണ് ഇതെല്ലാം തെളിയിക്കുന്നത്.

SCROLL FOR NEXT