NEWSROOM

ഉണ്ണാന്‍ മാത്രമല്ല, വിളമ്പാനും പഠിക്കണം; ഓണസദ്യയിലെ വിഭവങ്ങള്‍ ഇങ്ങനെ വിളമ്പണം

ശാസ്ത്രീയമായി സദ്യ കേമമാകണമെങ്കില്‍ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്

Author : ന്യൂസ് ഡെസ്ക്

സദ്യയില്ലാതെ ഓണാഘോഷമില്ലല്ലോ, സദ്യ ഗംഭീരമാകണമെങ്കില്‍ വിഭവങ്ങള്‍ ഗംഭീരമായിട്ട് മാത്രം കാര്യമില്ല. അത് മികച്ച രീതിയില്‍ വിളമ്പണം. ഓണസദ്യ വിളമ്പുന്നതിന് ചില ചിട്ടവട്ടങ്ങളും രീതികളുമൊക്കെയുണ്ട്. അതിനെ കുറിച്ച് അറിയാം.

ഇലയിട്ട് സദ്യ കഴിക്കാന്‍ ഇരിക്കുന്നവര്‍ക്ക് ഓരോ വിഭവവും യഥാസമയം നല്‍കുന്നതാണ് ഏറ്റവും പ്രധാനം. ശാസ്ത്രീയമായി സദ്യ കേമമാകണമെങ്കില്‍ സത്വ - രജോ ഗുണങ്ങള്‍ ഉള്ള കറികള്‍ സമ്മിശ്രമായും മധുരം അതിന് ഇടകലര്‍ന്നും വിളമ്പണം.

ആദ്യം കന്നിമൂലയില്‍ വിളക്കു കൊളുത്തി ചന്ദനത്തിരി കത്തിച്ച് അതിനു മുമ്പില്‍ തൂശനിലയിട്ട് ഗണപതിയ്ക്കും മഹാബലിയ്ക്കും വിളമ്പണം. ചിലയിടങ്ങളില്‍ ഇത് പിതൃക്കളെ സങ്കല്പ്പിച്ചാണെന്നും കരുതുന്നുണ്ട്.

സദ്യ വിളമ്പേണ്ട രീതി

  • കറികളുടെ എണ്ണത്തിലും വിളമ്പുന്ന രീതിയിലും പ്രാദേശികമായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. എങ്കിലും പൊതുവായി സദ്യ വിളമ്പുന്ന രീതിയുണ്ട്.
  • തൂശനില അല്ലെങ്കില്‍ നാക്കിലയാണ് ആദ്യം വിളമ്പേണ്ടത്.
  • ഇലയിടുമ്പോള്‍ അഗ്രഭാഗം ഇടത് വശത്തും മുറിച്ച ഭാഗം വലത് ഭാഗത്തും വരണം.
  • ഇലയുടെ ഇടത് വശത്ത് നിന്നും മീനം - മേടം രാശി മുതല്‍ വലത്തോട്ട് വിഭവങ്ങള്‍ വിളമ്പണമെന്നാണ് പറയുക.
  • തൊടുകറികള്‍ മീനം രാശിയിലും തോരന്‍, അവിയല്‍, ഓലന്‍ തുടങ്ങിയവ മേടം രാശിയിലും ഇലയില്‍ വിളമ്പണം.
  • കായനുറുക്ക്, ശര്‍ക്കര വരട്ടി എന്നിവ ഇലയുടെ ഇടത്തേ മൂലയില്‍ താഴെ വിളമ്പും. പപ്പടവും ഇവിടെത്തന്നെയാണ് നല്‍കുക.
  • ഇടത്തും വലത്തും പഴം വെയ്ക്കുന്നവരും ഉണ്ട്.
  • ഇടത്തേമൂലയില്‍ മുകളിലായി ഇഞ്ചി പുളിയും അച്ചാറുകളും വിളമ്പും.
  • തുടര്‍ന്ന് കിച്ചടി, പച്ചടി, അവിയല്‍, തോരന്‍, കൂട്ടുകറി, എരിശ്ശേരി, ഓലന്‍ എന്നിവയും വിളമ്പും.
  • വലത്തേയറ്റത്ത് കാളന്‍.
  • കറിയെല്ലാം വിളമ്പിയാല്‍ പിന്നെ ചോറ് വിളമ്പാം.
  • ഇലയുടെ താഴെത്തെ ഭാഗം മധ്യത്തില്‍ ചോറ് വിളമ്പും.
  • ചോറിന്റെ വലത്തെ പകുതിയില്‍ പരിപ്പും നെയ്യും വിളമ്പും.
  • പപ്പടം കൂടി പൊടിച്ച് ആദ്യം ഈ ഭാഗമാണ് കഴിക്കുക.
  • അതിനു ശേഷം കറികള്‍ കൂട്ടി സദ്യ കഴിക്കാന്‍ സാമ്പാര്‍ വിളമ്പുകയായി.
  • സാമ്പാര്‍ കഴിഞ്ഞാല്‍ പുളിശ്ശേരി.
  • കാളന്‍ മാത്രമാണെങ്കില്‍ ഏറ്റവും അവസാനം അല്പം ചോറുകൂട്ടി കഴിക്കും.
  • സാമ്പാര്‍ കഴിഞ്ഞാല്‍ വീണ്ടും അല്‍പം ചോറ്, പിന്നെ മോര്, രസം.
  • ചിലയിടങ്ങളില്‍ സാമ്പാര്‍ കഴിഞ്ഞാല്‍ പ്രഥമന്‍ നല്‍കും. പരിപ്പ് കഴിഞ്ഞാല്‍ കാളനും സാമ്പാറും ഒരുമിച്ച് വിളമ്പുന്ന രീതിയുമുണ്ട്.
  • ചോറ് കഴിഞ്ഞ് പായസം. അടപ്പായസമാണ് ആദ്യം. തെക്കന്‍ കേരളത്തില്‍ അടപ്പായസം പഴമുടച്ചാണ് കഴിക്കുക.
  • അടപ്പായസം കഴിഞ്ഞാല്‍ പാല്‍പ്പായസമോ സേമിയപ്പായസമോ പാലടയോ വിളമ്പാം.
  • പായസം കഴിഞ്ഞ് മോരും രസവും അല്‍പം ചോറു വാങ്ങി കഴിക്കാം.
  • തെക്കോട്ട് ബോളിയോ ലഡ്ഡു പൊടിയോ പായസത്തിനൊപ്പം വിളമ്പും.
  • ഇലയില്‍ അല്‍പം ഉപ്പും ശര്‍ക്കരയും വിളമ്പുന്ന പതിവുമുണ്ട്.

ഈ രീതിയില്‍ വിളമ്പി കഴിച്ചാല്‍ സദ്യ ഗംഭീരമായെന്ന് പറയാം.

SCROLL FOR NEXT