NEWSROOM

രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അപകടം, നാട്ടുകാരുടെ ഇടപെടല്‍ വഴിത്തിരിവായി; എടിഎം കവര്‍ച്ചാ കേസിലെ പ്രതികള്‍ പിടിയിലായത് ഇങ്ങനെ

നാലം​ഗ സംഘം കാറിൽ എത്തിയാണ് മോഷണം നടത്തിയത് എന്ന് കേരള പൊലീസിന് സിസിടിവി പരിശോധനയിലൂടെ മനസിലായിരുന്നു

Author : ന്യൂസ് ഡെസ്ക്

പ്രവചനാതീതമായ ഒരു കഥ കേട്ട പ്രതീതി നൽകാൻ സാധിക്കുന്ന സംഭവങ്ങളാണ് ഇന്ന് തമിഴ്നാട്ടിലെ നാമക്കലിൽ സംഭവിച്ചത്. പുലർച്ചെ 3.30ന് തൃശൂരിലെ മൂന്നിടങ്ങളിൽ കവർച്ച നടത്തിയ പ്രതികളെ തമിഴ്നാട് പൊലീസ് പിടികൂടിയതും വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതുമെല്ലാം, ഒരു ആക്ഷൻ സിനിമയെ വെല്ലുന്ന രം​ഗങ്ങളാണ്. എങ്ങനെയാണ് എടിഎം കവർച്ചാ സംഘം പിടിയിലായത്.? എന്തായിരുന്നു അവർ പിടിയിലാകുന്നതിൽ നിർണായക പങ്കുവഹിച്ചത്..?



രാവിലെ 8.30ന് നാമക്കലിലെ വേപ്പടിയില്‍ രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ഒരു കണ്ടെയ്നർ മുന്നോട്ട് നീങ്ങുന്നു. തൊട്ടടുത്തുള്ള സന്യാസിപ്പെട്ടിയിൽ വെച്ച് രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചിട്ട ശേഷമായിരുന്നു കണ്ടെയ്നറിന്റെ വരവ്. ബൈക്ക് അപകടത്തിന് കാരണമായ കണ്ടെയ്നർ വേ​ഗത്തിൽ പാഞ്ഞുകൊണ്ടിരുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ വാഹനത്തെ വളഞ്ഞു. അപകടത്തില്‍പ്പെട്ടവരും കണ്ടെയ്നർ യാത്രികരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതോടെ സേലം പൊലീസ് സ്ഥലത്തെത്തി.


അമിത വേ​ഗതയായിരുന്നു ബൈക്ക് അപകടത്തിന് കാരണം. പ്രാഥമിക പരിശോധനയിൽ തന്നെ ട്രക്ക് വാടകക്കെടുത്തതാണ് എന്ന് പൊലീസിന് മനസിലായി. എന്തോ പന്തികേട് മണത്ത തമിഴ്നാട് പൊലീസ് വാഹനം തുറക്കാൻ ആവശ്യപ്പെടുന്നു. അതിന് ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളുകളും സമ്മതിച്ചില്ല. പൊലീസ് നിര്‍ബന്ധപൂര്‍വം കണ്ടെയ്ന്‍ തുറപ്പിച്ചു. കണ്ടെയ്നര്‍ തുറക്കുന്നതിന് മുന്നോടിയായി പൊലീസും പ്രതികളും തമ്മില്‍ ചെറിയ സംഘര്‍ഷമുണ്ടായി. സബ് ഇന്‍സ്പെക്ടര്‍ക്ക് കുത്തേറ്റു. ശേഷം കണ്ടെയ്നർ തുറന്നതോടെയാണ് തൃശൂരിൽ കവർച്ചയ്ക്ക് ഉപയോ​ഗിച്ച കാറും പണവും എടിഎം മെഷീന്‍ പൊളിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങളും അകത്ത് നിന്നും കണ്ടെത്തി. പ്രതികളില്‍ ഒരാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിയുതിർക്കുകയും അയാള്‍ കൊല്ലപ്പെടുകയും ചെയ്തു.

തൃശൂരില്‍ ഇന്ന് രാവിലെ മൂന്നിടത്താണ് എടിഎമ്മുകൾ തകർത്ത് പണം കവർന്നത്. പുലർച്ചെ മൂന്ന് മണിക്കും നാലുമണിക്കും ഇടയില്‍ മാപ്രാണം, കോലഴി, ഷൊർണൂർ റോഡ് എന്നിവടങ്ങളിലെ എടിഎമ്മുകളിലാണ് കവർച്ച നടന്നത്. മൂന്ന് എടിഎം കൗണ്ടറുകളിൽ നിന്നായി 65 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. മുഖംമൂടി ധരിച്ച് എത്തിയ നാലംഗ സംഘം ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് മോഷണം നടത്തിയത്.



നാലം​ഗ സംഘം കാറിൽ എത്തിയാണ് മോഷണം നടത്തിയത് എന്ന് കേരള പൊലീസിന് സിസിടിവി പരിശോധനയിലൂടെ മനസിലായിരുന്നു. അതോടെ, അയൽ സംസ്ഥാനങ്ങളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. എന്നാൽ, കാര്‍ കണ്ടെയ്നറിൽ കയറ്റി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തമിഴ്നാട്ടിൽ വെച്ച് നടന്ന ബൈക്ക് അപകടവും നാട്ടുകാരുടെ ഇടപെടലും തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണെങ്കിലും എടിഎം കവർച്ചാ കേസിൽ അത് പ്രധാനപ്പെട്ട ഒരു വഴിത്തിരിവുകയായിരുന്നു.

SCROLL FOR NEXT