NEWSROOM

Operation Sindoor| ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യയുടെ തിരിച്ചടിയിൽ പ്രതികരിച്ച് ലോകനേതാക്കൾ

ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ ഇന്ത്യ പാകിസ്ഥാനെതിരെ സംയുക്ത സൈനിക നടപടി നടത്തിയത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യയുടെ സംയുക്ത സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരിച്ച് ലോകനേതാക്കൾ. ആക്രമണത്തില്‍ ഐക്യരാഷ്ട്ര സംഘടന ആശങ്ക രേഖപ്പെടുത്തി. ഇരു വിഭാഗങ്ങളും പരമാവധി സംയമനം പാലിക്കണമെന്ന് യുഎൻ ജനറൽ സെക്രട്ടറി അൻ്റോണിയോ ഗുട്ടറസ് പ്രതികരിച്ചു. ഇന്ത്യാ-പാക് സംഘർഷം ഉടൻ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു.

ഇരു രാഷ്ട്രങ്ങളുമായി ആശയവിനിമയം നടത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ അറിയിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരുന്നതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു. കൂടുതൽ സൈനിക നടപടി ഉണ്ടാകാതെ നിലവിലെ സംഘർഷം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രശ്‌നത്തിന് സമാധാനത്തിലൂടെ പരിഹാരം കണ്ടെത്താൻ ഇരു രാഷ്ട്രങ്ങളുമായി ആശയവിനിമയം നടത്തുമെന്നും മാർകോ റൂബിയോ കൂട്ടിച്ചേർത്തു.

ഇന്ത്യയും പാകിസ്ഥാനും സംഘർഷങ്ങൾ ഒഴിവാക്കണമെന്നാണ് യുഎഇ അഭിപ്രായപ്പെട്ടത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സയിദ് അൽ നഹ്യാൻ നിർദേശിച്ചു. ആക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് ഇസ്രയേൽ പിന്തുണ അറിയിച്ചു. സ്വയം പ്രതിരോധിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ഇസ്രയേൽ പിന്തുണയ്ക്കുന്നു. നിരപരാധികൾക്ക് നേരെ ഹീനമായ കുറ്റകൃത്യം ചെയ്യുന്ന തീവ്രവാദികൾക്ക് ഒളിക്കാൻ സ്ഥലമില്ലെന്ന് അവർ തിരിച്ചറിയണം എന്നും ഇന്ത്യയിലെ ഇസ്രയേൽ അംബാസിഡർ റുവൻ അസാർ പറഞ്ഞു.



ഇന്ന് പുലർച്ചെ 1.44ഓടെയാണ് ഓപ്പറേഷൻ സിന്ദൂറെന്ന പേരിൽ ഇന്ത്യ പാകിസ്ഥാനെതിരെ സംയുക്ത സൈനിക നടപടി നടത്തിയത്. പാകിസ്ഥാനിലേയും പാക് അധീന കശ്മീരിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ആക്രമണത്തിന് പിന്നാലെ നീതി നടപ്പിലാക്കിയെന്നായിരുന്നു സൈന്യത്തിൻ്റെ പ്രതികരണം. ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മറുപടിയെന്നോളമാണ് ഇന്ത്യൻ സൈന്യത്തിൻ്റെ നീക്കം. ഓപ്പറേഷനെ തുടർന്ന് മൂന്ന് പേർ കൊല്ലപ്പെട്ടെന്നാണ് പാകിസ്ഥാൻ അറിയിക്കുന്നത്.


ഇന്ത്യയുടെ ആക്രമണത്തില്‍ ഉചിതമായി പ്രതികരിക്കാൻ അവകാശമുണ്ടെന്നായിരുന്നു യുഎൻ രക്ഷാസമിതിയില്‍ പാകിസ്ഥാൻ്റെ പ്രതികരണം. ശത്രുവിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാകിസ്ഥാനറിയാം എന്നാണ് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് പ്രതികരണം. ഇന്ത്യ എല്ലാ പരിധികളും ലംഘിച്ചെന്ന് പാക് മന്ത്രി അത്തൗള്ള തരാർ പ്രതികരിച്ചു. ഇന്ത്യയുടെ ആക്രമണം നീതീകരിക്കാനാകാത്തതാണ്. പ്രകോപനമില്ലാതെയാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും ശക്തമായ തിരിച്ചടി നൽകുമെന്നുംഅത്തൗള്ള തരാർ അറിയിച്ചു.

SCROLL FOR NEXT