NEWSROOM

"നടന്മാര്‍ വാങ്ങുന്നത് 45 കോടി, എന്റെ പ്രതിഫലം അതിനടുത്ത് പോലും എത്തുന്നില്ല"; തുല്യവേതനം നടപ്പാക്കാത്തതിനെ കുറിച്ച് ഹുമ ഖുറേഷി

ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ച തന്നെ പോലുള്ള അഭിനേതാക്കള്‍ക്ക് പുതിയ കരിയര്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് ഹുമ ഖുറേഷി

Author : ന്യൂസ് ഡെസ്ക്



മഹാറാണി എന്ന സോണി ലിവ്വ് സീരീസിലെ റാണി ഭാരതി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ഡിജിറ്റല്‍ വിനോദ മേഖലയില്‍ തന്റെ സാനിധ്യം അറിയിച്ച താരമാണ് ഹുമ ഖുറേഷി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളർച്ച തന്നെ പോലുള്ള അഭിനേതാക്കള്‍ക്ക് പുതിയ കരിയര്‍ അവസരങ്ങള്‍ സൃഷ്ടിച്ചുവെന്ന് അടുത്തിടെ ഇന്ത്യ ടുടേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഹുമ സംസാരിച്ചു. അതോടൊപ്പം വ്യവസായത്തില്‍ വേതനത്തിന്റെ പേരില്‍ നടക്കുന്ന അസമത്വത്തെ കുറിച്ചും അവര്‍ തന്റെ അഭിപ്രായം അറിയിച്ചു. മഹാറാണി ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കാണുന്ന സീരീസില്‍ ഒന്നാണെങ്കിലും തന്റെ പുരുഷ അഭിനേതാക്കളേക്കാള്‍ കുറവ് വേതനമാണ് തനിക്ക് ഇപ്പോഴും ലഭിക്കുന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

"ഒരുപക്ഷെ ഏറ്റവും ആളുകള്‍ കണ്ടതും കൂടുതല്‍ പേര്‍ക്ക് ഇഷ്ടപ്പെട്ടതുമായ സീരീസാണ് മഹാറാണി. പക്ഷെ ഒടിടി വ്യവസായത്തിലും വേതനത്തിന്റെ പേരില്‍ അസമത്വം നടക്കുന്നുണ്ട്", ഹുമ പറഞ്ഞു. കേന്ദ്ര കഥാപാത്രമായിരുന്നിട്ടും സമാനമായ വേഷങ്ങള്‍ ചെയ്യുന്ന പുരുഷ അഭിനേതാകള്‍ക്ക് ലഭിക്കുന്ന വരുമാനത്തിന്റെ അടുത്ത് പോലും തന്റെ പ്രതിഫലമില്ലെന്നും ഹുമ ഖുറേഷി പറഞ്ഞു.

ഒടിടി പ്രൊജക്ടുകളില്‍ പുരുഷ അഭിനേതാക്കള്‍ 45 കോടി വരെ പ്രതിഫലം വാങ്ങുന്നുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് ആ രീതിയിലുള്ള വേതനം ലഭിക്കുന്നില്ലെന്നാണ് ഹുമ ചൂണ്ടിക്കാട്ടിയത്. ഇതിനെ താന്‍ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. പക്ഷെ ഇതേ കുറിച്ച് തുടര്‍ച്ചയായി ചര്‍ച്ചകള്‍ നടന്നാല്‍ അതില്‍ മാറ്റം വരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഒടിടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകളില്‍ ആവര്‍ത്തനം വരുന്നത് തന്നെ ആശങ്കപ്പെടുത്തുന്നുണ്ടെന്നും ഹുമ ഖുറേഷി പറഞ്ഞു. കഥ പറച്ചിലില്‍ നവീകരണത്തിനുള്ള പ്രാധാന്യത്തെ കുറിച്ചും അവര്‍ സംസാരിച്ചു.

അതേസമയം മഹാറാണിയുടെ നാലാം സീസണില്‍ റാണി ഭാരതിയായി തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് ഹുമ ഖുറേഷി. ബിഹാറിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ആസ്പദമാക്കി ഒരുക്കിയ സീരീസാണിത്. 2021ലാണ് സീരീസിന്റെ ആദ്യ സീസണ്‍ സോണി ലിവ്വില്‍ പുറത്തിറങ്ങിയത്. സുഭാഷ് കപൂറാണ് മഹാറാണിയുടെ സംവിധായകന്‍.

SCROLL FOR NEXT