NEWSROOM

നെടുമ്പാശേരി വിമാനത്താവളത്തില്‍ 'മനുഷ്യ ബോംബ്' ഭീഷണിയുമായി യാത്രക്കാരന്‍

വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ വിജയ് മന്ദാന തന്‍റെ കൈവശം ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി ഉയര്‍ത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി. മനുഷ്യ ബോംബാണെന്ന യാത്രക്കാരന്റെ ഭീഷണിയെത്തുടർന്ന് വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി. മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണ് ഭീഷണി മുഴക്കിയത്. പരിശോധനയിൽ ബോംബ് കണ്ടെത്താഞ്ഞതോടെ ഇയാളെ നെടുമ്പാശേരി പൊലീസിന് കൈമാറി.

വൈകിട്ട് 3.50 ന് മുംബൈക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായ വിജയ് മന്ദാന തന്‍റെ കൈവശം ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി ഉയര്‍ത്തുകയായിരുന്നു.

തുടരെ തുടരെ ഭീഷണിയുള്ളതിനാൽ ഇപ്പോൾ രണ്ടുവട്ടം യാത്രക്കാരെ ദേഹ പരിശോധനക്ക് വിധേയനാക്കാറുണ്ട്. ഇത്തരത്തിൽ വിമാനത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് വിമാന കമ്പനിയുടെ രണ്ടാം ഘട്ട സുരക്ഷാ വിഭാഗം പരിശോധനക്കൊരുങ്ങിയപ്പോഴാണ് താൻ മനുഷ്യ ബോംബാണെന്നും പരിശോധനക്കൊരുങ്ങരുതെന്നും ഇയാള്‍ ഭീഷണി മുഴക്കിയത്.

തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഇയാളെ ബലം പ്രയോഗിച്ച് പരിശോധനക്ക് വിധേയമാക്കിയെങ്കിലും ബോംബ് കണ്ടെത്താനായില്ല. പിന്നാലെ ഇയാളെ യാത്ര ചെയ്യാന്‍ അനുവദിക്കാതെ പൊലീസിന് കൈമാറി. ഒടുവില്‍ 4.20നാണ് വിമാനം മുംബൈയിലേക്ക് പറന്നത്.

കഴിഞ്ഞ ദിവസവും നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണിയുണ്ടായിരുന്നു. രാജ്യത്ത് വിമാനങ്ങൾക്കെതിരെയുള്ള വ്യാജ ബോംബ് ഭീഷണി ഗൗരവമുള്ളതാണെന്നും കുറ്റവാളികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുമെന്നും വ്യോമയാന മന്ത്രി റാം മോഹൻ നായിഡു വ്യക്തമാക്കി. അഞ്ച് ദിവസത്തിനിടെ നൂറിലേറെ വിമാനങ്ങള്‍ക്കാണ് ഭീഷണിസന്ദേശം ലഭിച്ചത്.

SCROLL FOR NEXT