മനുഷ്യാവകാശ കമ്മീഷൻ 
NEWSROOM

വൈദ്യുതി വിച്ഛേദിച്ചതില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോർട്ട്‌ നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമാണ് വൈദ്യുതി ബില്ല് അടയ്ക്കാത്തതിനെ തുടര്‍ന്ന് അജ്മലിന്റെ വീട്ടിലെ കണക്ഷന്‍ വിച്ഛേദിച്ചത്.

വീട്ടിലെത്തിയ ജീവനക്കാരനെ അജ്മല്‍ മര്‍ദ്ദിച്ചിരുന്നു. ഇതില്‍ കേസെടുത്തതോടെ കെഎസ്ഇബി ഓഫീസിലെത്തിയ അജ്മലും സഹോദരനും അസിസ്റ്റന്റ് എന്‍ജീനര്‍ പ്രശാന്തിനെ കയ്യേറ്റം ചെയ്യുകയും ദേഹത്ത് മലിനജലം ഒഴിക്കുകയും ചെയ്തു. മാത്രമല്ല അക്രമികള്‍ കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കെഎസ്ഇബി പറയുന്നത്.

തുടര്‍ന്ന് കെഎസ്ഇബി ചെയര്‍മാന്റെ ഉത്തരവനുസരിച്ച് അജ്മലിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അജ്മലിന്റെ അച്ഛന്‍ റസാക്കിന്റെ പേരിലാണ് വൈദ്യുതി കണക്ഷന്‍. ഇതിനെതിരെ പ്രതിഷേധിച്ച് ഓഫീസിനു മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

SCROLL FOR NEXT