NEWSROOM

പേവിഷബാധയെ തുടർന്നുള്ള മരണം: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് കമ്മീഷന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

Author : ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടത്.

പേവിഷബാധ കാരണം മരിച്ചവര്‍ പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടുണ്ടോ, വാക്‌സിന്‍ പ്രോട്ടോക്കോള്‍ പാലിച്ചിട്ടുണ്ടോ, ഇവര്‍ക്ക് കുത്തിവെച്ച വാക്‌സിന്റെ കാര്യക്ഷമത, വാക്‌സിനുകള്‍ കേടുവരാതെ സൂക്ഷിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് മെഡിക്കല്‍ സംഘം അന്വേഷിക്കേണ്ടതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. ദാരുണ സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വീകരിക്കുന്ന നടപടികളും അന്വേഷണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് കമ്മീഷനില്‍ സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഉപയോഗിക്കുന്ന വാക്‌സിന്റെ കാര്യക്ഷമത പരിശോധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുളള നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി) അനുശാസിക്കുന്ന ഗുണനിലവാരം കേരളത്തില്‍ ഉപയോഗിക്കുന്ന പേവിഷ പ്രതിരോധ വാക്‌സിനുകള്‍ക്കുണ്ടോ എന്നും പരിശോധിക്കണം.

പേവിഷ പ്രതിരോധ വാക്‌സിന്റെ ഗുണനിലവാരം പരിശോധിക്കാനും പഠിക്കാനും പ്രാപ്തമായ ഏജന്‍സി ഏതാണെന്നും റിപ്പോര്‍ട്ടില്‍ അറിയിക്കണം. സമീപകാല സംഭവങ്ങളെ കുറിച്ച് പഠിക്കാനും പ്രതിരോധ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനുമായി എന്‍.സി.ഡി.സി നിര്‍ദ്ദേശിക്കുന്ന ഒരു ഏജന്‍സിയെ നിയോഗിക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ആവശ്യപ്പെട്ടു. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

ജൂണ്‍ 9 ന് രാവിലെ 10 ന് കമ്മീഷന്‍ ഓഫീസില്‍ നടക്കുന്ന സിറ്റിംഗില്‍ ഡപ്യൂട്ടി ഡി.എം. ഇയും ആരോഗ്യ സെക്രട്ടറിയുടെ പ്രതിനിധിയും ഹാജരാകണം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഏപ്രില്‍ ഒന്‍പതിന് പത്തനംതിട്ടി സ്വദേശിയായ 13കാരി ഭാഗ്യലക്ഷ്മി, ഏപ്രില്‍ 29ന് മലപ്പുറം സ്വദേശി അഞ്ചര വയസുകാരി സിയ ഫാരിസ്, മെയ് അഞ്ചിന് മരിച്ച കൊല്ലം സ്വദേശിയായ ഏഴുവയസുകാരി നിയ ഫൈസല്‍ എന്നിങ്ങനെ മൂന്ന് കുട്ടികളാണ്  പേ വിഷബാധയേറ്റ് മരിച്ചത്. ഇവർ വാക്സിൻ എടുത്തിരുന്നെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്.

2025ല്‍ മാത്രം ഇതുവരെ 14 പേരാണ് കേരളത്തില്‍ മാത്രം പേവിഷബാധയേറ്റ് മരിച്ചതെന്നാണ് കണക്ക്. അതേസമയം ഈ വര്‍ഷം മാത്രം നായയുടെ കടിയേറ്റ് ചികിത്സ തേടിയത് ഒരു ലക്ഷത്തിലേറെ പേരാണ്. കഴിഞ്ഞ വര്‍ഷം ഈ കണക്ക് 3.16 ലക്ഷമായിരുന്നു. കേരളത്തില്‍ പ്രതിവര്‍ഷം 10 ലക്ഷം ആളുകളില്‍ 1470 പേര്‍ക്ക് പട്ടിയുടെ കടിയേല്‍ക്കുന്നുവെന്നാണ് കണക്കുകള്‍.

SCROLL FOR NEXT