NEWSROOM

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യ; യുഎസ് അടക്കമുള്ള സഖ്യ കക്ഷികള്‍ക്കും പങ്ക്: ആംനസ്റ്റി ഇന്റര്‍നാഷണല്‍

ഗാസയിലെ ജനങ്ങളെ മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും യോഗ്യമല്ലാത്ത മനുഷ്യവര്‍ഗമായാണ് ഇസ്രയേല്‍ കാണുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

Author : ന്യൂസ് ഡെസ്ക്

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍. വ്യാഴാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഹമാസുമായുള്ള യുദ്ധത്തിന്റെ പേരില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യത്വവിരുദ്ധമായ ചെയ്തികള്‍ക്കെതിരെ ആംനസ്റ്റി രംഗത്തെത്തിയത്.

ദൃക്‌സാക്ഷികളുമായുള്ള അഭിമുഖങ്ങള്‍, ഡിജിറ്റല്‍ തെളിവുകള്‍, ദൃശ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് ആംനസ്റ്റിയുടെ റിപ്പോര്‍ട്ട്. കൂടാതെ, ഇസ്രയേല്‍ സര്‍ക്കാര്‍ പ്രതിനിധികളേയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരേയും റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുണ്ട്.

1948ലെ വംശഹത്യ കണ്‍വെന്‍ഷന്‍ നിരോധിച്ച അഞ്ച് പ്രവൃത്തികളില്‍ മൂന്നെണ്ണമെങ്കിലും ഇസ്രയേല്‍ സൈന്യം ചെയ്തിട്ടുണ്ടെന്ന് ആംനസ്റ്റിയുടെ കണ്ടെത്തല്‍. ഗാസയിലെ ജനങ്ങളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടത്. പലസ്തീനികളെ മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനും യോഗ്യമല്ലാത്ത മനുഷ്യവര്‍ഗമായാണ് ഇസ്രയേല്‍ കാണുന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്‌നസ് കാലമര്‍ഡ് ചൂണ്ടിക്കാട്ടി.


പലസ്തീനികള്‍ക്കെതിരെ വരുത്തിവെക്കുന്ന പരിഹരിക്കാനാകാത്ത ദ്രോഹത്തെ കുറിച്ച് പൂര്‍ണ ബോധ്യത്തോടെയാണ് ഇസ്രയേല്‍ മാസങ്ങളോളമായി വംശഹത്യ തുടരുന്നതെന്നും കാലമര്‍ഡ് പറഞ്ഞു. ഇസ്രയേല്‍ നടത്തുന്നത് വംശഹത്യയാണെന്നും ഇത് അവസാനിപ്പിക്കാന്‍ ലോകം കണ്ണ് തുറന്ന് പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. യുഎസ് അടക്കമുള്ള ഇസ്രയേല്‍ സഖ്യകക്ഷികളും വംശഹത്യയില്‍ പങ്കാളികളാണെന്നും ആംനസ്റ്റി ആരോപിക്കുന്നു.


എന്നാല്‍, ആനംസ്റ്റിയുടെ കണ്ടെത്തല്‍ ഇസ്രയേല്‍ പൂര്‍ണമായും തള്ളി. നിന്ദ്യവും മതഭ്രാന്തുമുള്ള സംഘടനയെന്നാണ് ആംനസ്റ്റിയെ ഇസ്രയേല്‍ വിശേഷിപ്പിച്ചത്. റിപ്പോര്‍ട്ട് പൂര്‍ണമായും തെറ്റാണെന്നും വ്യജ വിവരങ്ങളാല്‍ കെട്ടിപ്പടുത്തതാണെന്നും ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.


ഗാസയിലെ സിവിലിയന്‍ ജനതയ്ക്കിടയിലുള്ള ഹമാസ് അടക്കമുള്ളവരെ നിയമപരമായാണ് നേരിടുന്നത്. പലസ്തീന്‍ ജനതയെ ബോധപൂര്‍വം ലക്ഷ്യമിടുന്നില്ലെന്നുമാണ് ഇസ്രയേലിന്റെ വാദം.

SCROLL FOR NEXT