മരണത്തിലേക്കുള്ള ജനങ്ങളുടെ പാലായനം ലോകത്ത് ഇന്നും തുടരുകയാണ്. യുദ്ധവും പ്രതികൂല സാഹചര്യങ്ങളും ജനങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് പാലായനം ചെയ്യാൻ നിർബന്ധിതരാക്കുമ്പോൾ പാതിവഴിയിൽ ജീവിതം നഷ്ടപ്പെടുന്നവരാണ് അധികം പേരും. കുടിയേറ്റം ഏറ്റവും രൂക്ഷമായ സാഹചര്യത്തിലൂടെയാണ് ലോകം ഇപ്പോൾ കടന്നുപോകുന്നത്.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലുണ്ടായ രണ്ട് ബോട്ടപകടങ്ങളിലായി 45 പേരാണ് കൊല്ലപ്പെട്ടത്. എല്ലാവരും യുദ്ധം നടക്കുന്ന യമനിൽ നിന്ന് ബോട്ടിൽ സുരക്ഷിത രാജ്യം തേടി പോയവരാണ്. 310 പേരാണ് യാത്രയിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ.
കാനറി ദ്വീപുകൾക്ക് സമീപം നേരത്തെയുണ്ടായ ബോട്ടപകടത്തിൽ, ഉദ്യോഗസ്ഥർ തെരച്ചിൽ അവസാനിപ്പിച്ചു. കഴിഞ്ഞ ആഴ്ചയുണ്ടായ അപകടത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 48 പേരെ പേരെ കാണാതാവുകയും ചെയ്തിരുന്നു. 27 പേരെയാണ് രക്ഷപ്പെടുത്തിയത്. കാണാതായവർ മരിച്ചതായി കണക്കാക്കിയാൽ ആഫ്രിക്കയിൽ നിന്ന് കാനറി ദ്വീപിലേക്കുള്ള കുടിയേറ്റത്തിലെ ഏറ്റവും വലിയ അപകടമായിരിക്കും ഇത്. ഈ വർഷം ഇതുവരെ 30,808 പേർ കടൽ മാർഗം കാനറി ദ്വീപിലെത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വർധനയാണ് റിപ്പോർട്ട് ചെയ്തത്.
Also Read: ബെയ്റൂട്ടില്‍ വ്യോമാക്രമണം; ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീനെ ലക്ഷ്യം വെച്ച് ഇസ്രയേൽ
അതേസമയം, മെക്സിക്കോയിലേക്ക് കടക്കാൻ ശ്രമിച്ചവർക്ക് നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. 33 പേരാണ് പിക് അപ് വാനിൽ രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ചത്. കുടിയേറ്റത്തിന് ശ്രമിച്ച മറ്റൊരു സംഘത്തിന് നേരെയുണ്ടായ വെടിവയ്പിൽ നാല് പേർ കൊല്ലപ്പെട്ടു. പത്ത് പേർക്ക് പരുക്കേറ്റു. ഈജിപ്ത്, നേപ്പാൾ, ക്യൂബൻ, പാകിസ്ഥാൻ പൗരന്മാരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. സംഘത്തിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡൊമിനിക്കൻ റിപ്പബ്ളിക്ക് ആഴ്ചയിൽ പതിനായിരം കുടിയേറ്റക്കാരെ വീതം മടക്കി അയക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ ഭൂരിഭാഗം കുടിയേറ്റക്കാരും ഹെയ്ത്തിയൻ വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ വർഷം തിരിച്ചയച്ചത് 2 ലക്ഷം ഹെയ്ത്തി പൗരരെയാണെങ്കിൽ ഈ വർഷം എണ്ണം വർധിക്കുമെന്നാണ് റിപ്പോർട്ട്.
Also Read: തായ്‌വാനിൽ ആഞ്ഞടിച്ച് 'ക്രാത്തൺ' ചുഴലിക്കാറ്റ്; രണ്ട് മരണം, വിമാനങ്ങള്‍ റദ്ദാക്കി
ഗാസയിലും വെസ്റ്റ് ബാങ്കിലും ഇന്നും സ്വന്തം രാജ്യത്ത് അഭയാർഥികളായി പലായന ഭീതിയില്‍ കഴിയുന്നത് ആയിരങ്ങളാണ്. സുരക്ഷിതമായ ഏത് സ്ഥലത്തേക്കാണ് പലായനം ചെയ്യേണ്ടതെന്ന് അവർക്ക് അറിയില്ല. കാരണം അവിടെ അവരുടെ പലസ്തീന്‍ സ്വത്വം കൂടിയാണ് വേട്ടയാടപ്പെടുന്നത്. ഏതു രാജ്യത്താണെങ്കിലും പലായനം ചെയ്യുന്നവർ എല്ലാം കൂടെ കരുതുന്നത് ഈ സ്വത്വം മാത്രമാണ്. അതാണ് മെക്സിക്കോയില്‍ തോക്കിനു ലക്ഷ്യമാകുന്നത്, പലയിടത്തും പ്രവേശനാനുമതി നിഷേധിക്കുന്നത്.