NEWSROOM

ബെറിൽ ചുഴലിക്കാറ്റ് അതിതീവ്രം; മിന്നൽ പ്രളയത്തിന് സാധ്യത, ജാഗ്രത

കരിബീയൻ ദ്വീപിൻ്റെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ജീവന് അപകടമുണ്ടാക്കും വിധം ചുഴലിക്കാറ്റ് വീശുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

ബെറിൽ ചുഴലിക്കാറ്റിന്‍റെ തീവ്രത വലിയ തോതില്‍ വര്‍ധിച്ചതായി അമേരിക്കൻ കാലാവസ്ഥ കേന്ദ്രം. നാഷണൽ ഹറികെയ്ൻ സെൻ്റർ പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

അറ്റ്ലാൻ്റിക് സമുദ്രത്തിൽ രൂപപ്പെട്ട ബെറിൽ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് നാഷണൽ ഹറികെയ്ൻ സെൻ്റർ ജൂൺ ഏഴിന് പുലർച്ചെ പുറത്ത് വിട്ട റിപ്പോർട്ടിൽ വ്യക്തമാക്കി. കരീബീയൻ ദ്വീപിൻ്റെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളിൽ ജീവന് അപകടമുണ്ടാക്കും വിധം കാറ്റ് വീശുമെന്നാണ് റിപ്പോർട്ട്. കാറ്റഗറി 4 വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന അവസ്ഥയിലാണ് ഇപ്പോൾ ബെറിൽ ചുഴലിക്കാറ്റെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. നിലവിലെ സാചര്യത്തിൽ ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് ബാർബഡോസ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. മെക്സിക്കൻ, ക്യൂബൻ തീരപ്രദേശങ്ങളിലും അമേരിക്കൻ ദ്വീപുകളിലും കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 210 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശുമെന്നാണ് ലഭിക്കുന്ന വിവരം. ബെറിൽ ചുഴലിക്കാറ്റിനെത്തുടർന്ന് പ്രതികൂല കാലാവസ്ഥ കാരണം ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ടീം ഉൾപ്പടെ ബാർബഡോസിൽ തുടരുകയാണ്.

SCROLL FOR NEXT