NEWSROOM

മില്‍ട്ടണ്‍ ചുഴലിക്കാറ്റ്: ഫ്ലോറിഡയില്‍ 9 മരണം, ഒഴിഞ്ഞുമാറാതെ അപകടഭീഷണി

ഫ്ലോറിഡയുടെ സിയെസ്റ്റ കീ ദ്വീപിലെ പടിഞ്ഞാറൻ തീരത്താണ് മിൽട്ടൺ ചുഴലിക്കാറ്റ് കരതൊട്ടത്

Author : ന്യൂസ് ഡെസ്ക്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്ലോറിഡയില്‍ ഒമ്പത് മരണം. ചുഴലിക്കാറ്റ് അറ്റ്ലാന്‍റിക്കിലേക്ക് നീങ്ങിയെങ്കിലും ഫ്ലോറിഡയിലും ജോർജിയയിലും ഇപ്പോഴും അപകടഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് യുഎസ് നാഷണല്‍ ഹുറക്കെയ്ന്‍ സെന്‍റർ മുന്നറിയിപ്പ് നല്‍കി. സ്പാനിഷ് ലേക്സ് കണ്‍ട്രി ക്ലബില്‍ നാലു പേരും, സെന്‍റ് പീറ്റേഴ്സ്ബർഗില്‍ രണ്ടു പേരും വൊലൂസിയാ കൗണ്ടിയില്‍ മൂന്ന് പേരുമാണ് മരിച്ചത്.

ഫ്ലോറിഡയുടെ സിയെസ്റ്റ കീ ദ്വീപിലെ പടിഞ്ഞാറൻ തീരത്താണ് മിൽട്ടൺ ചുഴലിക്കാറ്റ് കരതൊട്ടത്. കാറ്റഗറി മൂന്ന് ചുഴലിക്കാറ്റായി മണിക്കൂറിൽ 195 കി.മീ. വേഗതയിലാണ് മധ്യഫ്ലോറിഡയിലേക്കു മില്‍ട്ടണ്‍ നീങ്ങിയത്. ഇതിനെ തുടർന്ന് ടമ്പാ, സെൻ്റ് പീറ്റേഴ്‌സ്ബർഗ്, ക്ലിയർവാട്ടർ നഗരങ്ങളിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 205 കി.മീ വേഗത്തിലാണ് കാറ്റ് ചില സ്ഥലങ്ങളിൽ അനുഭവപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ.

Also Read: മിൽട്ടൺ ചുഴലിക്കാറ്റ് ഫ്ലോറിഡ തീരം തൊട്ടു ; വെള്ളപ്പൊക്ക മുന്നറിയിപ്പ്, നഗരങ്ങളിൽ അടിയന്തരാവസ്ഥ

ചുഴലിക്കാറ്റ് കാറ്റഗറി അഞ്ചായി ആയിരിക്കും തീരംതൊടും എന്നായിരുന്നു പ്രവചനം.  കാറ്റഗറി മൂന്നിലേക്കു കാറ്റ് താഴ്‌ന്നെങ്കിലും തീവ്രത അത്യന്തം അപകടകരമായിരുന്നു. തിരമാലകൾ 14 അടി വരെ ഉയർന്നു.  ചുഴലിക്കാറ്റിനു പിന്നാലെ വെള്ളപ്പൊക്കവും മിന്നൽ പ്രളയവും സംഭവിച്ചു. 125 ഓളം വീടുകൾ ചുഴലിക്കാറ്റിൻ്റെ ആഘാതത്തിൽ ആദ്യ മണിക്കൂറിൽ തന്നെ പൂർണമായും നശിച്ചു. ഫ്ലോറിഡയിലെ പെട്രോൾ സ്റ്റേഷനുകളിൽ ഇന്ധന ക്ഷാമവും നേരിട്ടു.

ചുഴലിക്കാറ്റു മൂലം നിരവധി ഇടങ്ങളില്‍ വൈദ്യുതി ബന്ധം നഷ്ടമായി. ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രണ്ടായിരത്തോളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. അറ്റ്ലാൻ്റിക് സമുദ്രത്തിലെ മൂന്നാമത്തെ ഏറ്റവും വേഗതയേറിയ ചുഴലിക്കാറ്റാണ് മിൽട്ടൺ.

SCROLL FOR NEXT