NEWSROOM

നവവധു തൂങ്ങി മരിച്ച സംഭവം: ഭർത്താവിൻ്റെ സുഹൃത്തും മർദിച്ചതായി മൊഴി

ഡിസംബർ 6ന് ഉച്ചയ്‌ക്കാണ് അഭിജിത്തിൻ്റെ വീട്ടിലെ രണ്ടാം നിലയിലെ ബെഡ്‌റൂമിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഇന്ദുജയെ കണ്ടെത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പാലോട് ഇളവട്ടത്ത് നവവധുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഭർത്താവ് അഭിജിത്തിൻ്റെ സുഹൃത്ത് അജാസും യുവതിയെ മർദിച്ചുവെന്നാണ് മൊഴി. ഭർത്താവ് അഭിജിത്തിനെയും, സുഹൃത്ത് അജാസിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുവരുടെയും ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്ത് അജാസിൻ്റെ ഫോൺ പൊലീസിന് കൈമാറിയത് ഫോർമാറ്റ് ചെയ്തതിന് ശേഷമാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഡിസംബർ 6ന് ഉച്ചയ്‌ക്കാണ് അഭിജിത്തിൻ്റെ വീട്ടിലെ രണ്ടാം നിലയിലെ ബെഡ്‌റൂമിലെ ജനലില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ ഇന്ദുജ (25)യെ കണ്ടെത്തിയത്. ഉച്ചയ്ക്ക് അഭിജിത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇന്ദുജയെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അതേസമയം ഇന്ദുജയുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് പുറത്തുവന്നു. യുവതിയുടെ കണ്ണിലും തോളിലും മർദനമേറ്റ പാടുകളുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. നെടുമങ്ങാട് തഹസിൽദാരുടെ നേതൃത്വത്തിൽ നടന്ന ഇൻക്വസ്റ്റിലാണ് പാടുകൾ കണ്ടത്തിയത്. ഭർതൃ വീട്ടിൽ ഭീഷണിയും മാനസിക പീഡനവും ഇന്ദുജക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ടന്നാണ് കുടുംബം പറയുന്നത്.

ഇന്ദുജയും അഭിജിത്തും രണ്ട് വർഷത്തോളം പ്രണയത്തിലായിരുന്നു. നാലുമാസം മുമ്പാണ് വിവാഹം നടന്നത്. ഇന്ദുജയെ വീട്ടിൽ നിന്ന് ഇറക്കി കൊണ്ടുവന്ന് വിവാഹം രജിസ്റ്റർ ചെയ്യുകയായിരുന്നു. വിവാഹത്തിന് അഭിജിത്തിൻറെ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു എന്നാണ് ഇന്ദുജയുടെ കുടുംബത്തിൻ്റെ ആരോപണം. ഭര്‍തൃഗൃഹത്തില്‍ നിരന്തരം മാനസിക പീഡനങ്ങള്‍ നേരിട്ടിരുന്നതായി മകള്‍ തങ്ങളെ അറിയിച്ചിരുന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. മകളെ അഭിജിത്ത് കൊന്നതാണെന്നാണും അവർ ആരോപിച്ചു.

SCROLL FOR NEXT