NEWSROOM

ഭർത്താവും ഭർതൃ വീട്ടുകാരും ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചു; ഡോക്ടറായ യുവതി ജീവനൊടുക്കി

ആശുപത്രി പണിയാൻ ഒരു കോടി രൂപ മാതാപിതാക്കളിൽ നിന്ന് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് യുവതിയെ മാനസികമായും ശാരീരികമായും ഭർതൃ വീട്ടുകാർ പീഡിപ്പിച്ചിരുന്നു

Author : ന്യൂസ് ഡെസ്ക്

ഭർത്താവും ഭർതൃ വീട്ടുകാരും ചേർന്ന് ഒരു കോടി രൂപ ആവശ്യപ്പെട്ട് മാനസികമായി പീഡിപ്പിച്ചെന്ന് പരാതി നൽകിയ ഡോക്ടറായ യുവതി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ പ്രഭാനി ജില്ലയിലാണ് സംഭവം. 2022 ലാണ് ഡോക്ടർ പ്രിയങ്ക ഭുംറെയും നിലേഷ് വാർക്കറെയും തമ്മിൽ വിവാഹം ചെയ്യുന്നത്. വിവാഹം നടന്ന് 2 മാസത്തിന് ശേഷം ഭർതൃ വീട്ടുകാർ ആശുപത്രി പണിയാൻ ഒരു കോടി രൂപ മാതാപിതാക്കളിൽ നിന്ന് വാങ്ങി നൽകണമെന്ന് ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പ്രിയങ്ക പരാതി ഉന്നയിച്ചിരുന്നു.


തുടർന്ന് യുവതി ഗാർഹിക പീഡനത്തിന് പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. യുവതിയുടെ പരാതിയിൽ പൊലീസ് ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ കേസ് എടുത്തു. തുടർന്ന്, ഇതിന് പിന്നാലെ പ്രഭാനി ജില്ലയിലെ പാളം നഗരത്തിലെ തന്റെ മാതാവിന്റെ വീട്ടിലായിരുന്നു യുവതി താമസിച്ച് വന്നിരുന്നത്. എന്നാൽ, പിന്നീടും അവർ പണം ആവശ്യപ്പെട്ട് യുവതിയെ ഫോണിൽ വിളിച്ച് പണത്തിനായി സമ്മർദം ചെലുത്തി.


തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിയോടെ, പ്രിയങ്ക ഫോണിൽ സംസാരിച്ചുകൊണ്ടാണ് മാതാവിന്‍റെ വീടിന്‍റെ മുകളിലത്തെ നിലയിലേക്ക് പോയത്. പിന്നാലെ ഡോക്ടറെ തറയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സമീപത്തായി, ഒരു സ്കാർഫ് സീലിംഗിലെ കൊളുത്തിൽ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. യുവതിയുടെ മാതാവിന്റെ പരാതിയിൽ പ്രിയങ്കയുടെ ഭർത്താവിനെതിരെയും ഭർതൃവീട്ടുകാർക്കുമെതിരെയും ആത്മഹത്യ പ്രേരണയ്ക്ക് കേസ് എടുത്തു.

SCROLL FOR NEXT