കോട്ടയം അയർക്കുന്നത്ത് മക്കളുമായി യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവും ഭർതൃ പിതാവും അറസ്റ്റിൽ. നീറിക്കാട് സ്വദേശി ജിമ്മി, പിതാവ് തോമസ് എന്നിവരെ ഏറ്റുമാനൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. മരിച്ച ജിസ്മോളുടെ കുടുംബത്തിന്റെ പരാതിയിലാണ് നടപടി.
വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. ഇരുവരെയും നാളെ കോടതിയിൽ ഹാജരാക്കും. ഏപ്രിൽ 15നാണ് പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയിൽ ചാടി ജീവനൊടുക്കിയത്. പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറുമാനൂർ ഭാഗത്ത് നിന്നും കണ്ടെത്തിയത്. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ച് വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.