സംസ്ഥാനത്തെ ഞെട്ടിച്ച് വിഷുദിനത്തിൽ പലയിടങ്ങളിലായി അരുംകൊലകൾ. വയനാട് കേണിച്ചിറയിൽ ഭർത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. കേണിച്ചിറ സ്വദേശി ലിഷയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ജിൻസണെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട ബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വീട്ടിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.
പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബുവാണ് മരിച്ചത്. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ബന്ധുവും, അയൽവാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പതിനൊന്നു മണിയോടെയാണ് കൊലപാതകം നടന്നത്. നേരത്തേയും ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായി പൊലീസ് പറയുന്നു.
പത്തനംതിട്ട തിരുവല്ലയിലും യുവാവ് കുത്തേറ്റു മരിച്ചു. തിരുവല്ല ഈസ്റ്റ് ഓതറ സ്വദേശി മനോജ് (34) ആണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ രാജനെ പൊലീസ് പിടികൂടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾക്കും പരിക്കുണ്ട്. ലൈഫ് പദ്ധതിയിൽ അനുവദിച്ച പണം മനോജിന്റെ മകൻ കൈക്കലാക്കിയത്തിലുള്ള മുൻവിരോധം കൊലപാതക കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ രാത്രി 11:30യോടെ ആയിരുന്നു സംഭവം.