NEWSROOM

അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസ്; ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും

Author : ന്യൂസ് ഡെസ്ക്

അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തേക്കുമുക്കിയൂര്‍ ആദിവാസി ഊരിലെ വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് രങ്കസ്വാമിയെ മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്.

2014 ഒക്ടോബര്‍ എട്ടിനാണ്  കേസിനാസ്പദമായ സംഭവം നടന്നത്. തൊഴിലുറപ്പ് തൊഴിലാളിയായ വള്ളിയെ ഭര്‍ത്താവ് രങ്കസ്വാമി ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫോറന്‍സിക് പരിശോധനയിലെ തെളിവുകളാണ് കേസില്‍ നിര്‍ണായകമായത്.

27 സാക്ഷികളാണ് കേസിലുണ്ടായിരുന്നത്. ഇതില്‍ 21 പേരെ വിസ്തരിച്ചു. കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി ജയന്‍ ഹാജരായി.


സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, വീട്ടില്‍ മദ്യപിച്ചെത്തിയ രംഗസ്വാമി കയ്യില്‍ കരുതിയ വടി ഉപയോഗിച്ച് ആദ്യം വള്ളിയെ അടിച്ചു. പിന്നീട് പാറപൊട്ടിക്കുന്ന ഇരുമ്പുകരണം കൊണ്ടും പൊതിരെ തല്ലി. നിലവിളി കേട്ട് ഓടിക്കൂടിയവര്‍ രംഗസ്വാമിയെ പിടിച്ചുവെക്കാന്‍ ശ്രമിച്ചെങ്കിലും അവരേയും മര്‍ദിച്ചു.

പൊലീസെത്തിയാണ് രംഗസ്വാമിയെ സാഹസികമായി പിടിച്ചു മാറ്റിയത്. അതിക്രൂരമായ മര്‍ദനത്തിന് ഇരയായ വള്ളി സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടു. ഭാര്യയിലുള്ള സംശയമാണ് മര്‍ദനത്തിന് കാരണമെന്നായിരുന്നു രംഗസ്വാമിയുടെ മൊഴി.

SCROLL FOR NEXT