ഡൊണാൾഡ് ട്രംപിനെതിരായുള്ള ഹഷ് മണി കേസിൽ ന്യൂയോർക്ക് കോടതി ഗാഗ് ഓർഡർ ഭാഗികമായി നീക്കം ചെയ്തു. കഴിഞ്ഞ മാസമാണ് ബിസിനസ്സ് രേഖകളിൽ കൃത്രിമത്വം കാണിച്ചതിന് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഓർഡർ നീക്കം ചെയ്തതോടെ കേസിലെ സാക്ഷികളെക്കുറിച്ച് പരസ്യമായി അഭിപ്രായം പറയാനും, തൻ്റെ വിചാരണയിലെ ജൂറി അംഗങ്ങളെക്കുറിച്ച് പൊതുവായി സംസാരിക്കാനും ട്രംപിന് അനുമതി ലഭിക്കും. ജസ്റ്റിസ് ജുവാൻ മെർച്ചൻ ചൊവ്വാഴ്ച പ്രസ്താവിച്ച വിധിയിലാണ് ഇത് വ്യക്തമാക്കിയത്. അതേ സമയം, കോടതി ജീവനക്കാരെയും, പ്രോസിക്യൂട്ടർമാരെയും, അവരുടെ കുടുംബങ്ങളെയും കുറിച്ച് പരസ്യമായി സംസാരിക്കുന്നതിൽ നിന്ന് ട്രംപിന് ഏർപ്പെടുത്തിയ വിലക്ക് ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച ഗാഗ് ഉത്തരവിനെതിരെ ട്രംപ് പതിവായി സംസാരിച്ചിരുന്നു. ഗാഗ് ഉത്തരവ് ചുമത്തിയതിനെ പിന്നാലെ ജസ്റ്റിസ് ജുവാൻ മെർച്ചൻറിൻറെ മകള്‍ക്കെതിരെ ട്രംപ് സോഷ്യൽ മീഡിയയിൽ ആക്രമണം അഴിച്ചു വിട്ടിരുന്നു. വിചാരണ കാലയളവിൽ ഗാഗ് ഓർഡർ ലംഘിച്ചതിന് ട്രെംപിന് മേൽ പിഴയും ചുമത്തിയിരുന്നു.
മെയ് മാസത്തിൽ ന്യൂയോർക്ക് ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഫുൾ ഗാഗ് ഓർഡർ പിൻവലിക്കണമെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. 2016-ലെ തിരഞ്ഞെടുപ്പിന് മുമ്പ് പോൺ ചലച്ചിത്രതാരം സ്റ്റോമി ഡാനിയൽസിന് നൽകിയ പണമിടപാട് മറച്ചുവെക്കാൻ ബിസിനസ്സ് രേഖകളിൽ കൃത്രിമത്വം കാട്ടിയതിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ജൂലൈ 11നാണ് ട്രംപിൻ്റെ ശിക്ഷ വിധിക്കുക. ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ യു എസ് പ്രസിഡണ്ടാണ് ട്രംപ്.