donaldtrump-newpiiic 
NEWSROOM

ഹഷ് മണി കേസ്; വിധി പറയുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യമായി ട്രംപിൻ്റെ അഭിഭാഷകന്‍

ഈ മാസം അവസാനം ട്രംപിൻ്റെ ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നാണ് കോടതി പറഞ്ഞിരുന്നത്

Author : ന്യൂസ് ഡെസ്ക്

ഹഷ് മണി കേസിൻ്റെ വിധി പറയുന്നത് നീട്ടിവെയ്ക്കണമെന്ന ആവശ്യവുമായി ട്രംപിൻ്റെ അഭിഭാഷകന്‍ ന്യൂയോര്‍ക്ക് ജഡ്ജിനെ സമീപിച്ചു. ഈ മാസം അവസാനം ട്രംപിൻ്റെ ശിക്ഷാ വിധി പ്രഖ്യാപിക്കുമെന്നാണ് കോടതി പറഞ്ഞിരുന്നത്. ന്യൂയോര്‍ക്ക് ജഡ്‌ജ് ഹുവാന്‍ മെര്‍ച്ചന് നല്‍കിയ കത്തില്‍ തിങ്കളാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഇമ്മ്യൂണിറ്റിയെ സംബന്ധിക്കുന്ന വിധിയെപ്പറ്റി പരാമര്‍ശമുണ്ട്.

2020ലെ തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ കീഴ്‌ക്കോടതിയില്‍ നടക്കുന്ന കേസിനെ സുപ്രീം കോടതി വിധിയെങ്ങനെ ബാധിക്കുമെന്ന് തൻ്റെ കക്ഷി പരിശോധിച്ചു വരികയാണെന്നാണ് ട്രംപിൻ്റെ അഭിഭാഷകന്‍ പറയുന്നത്. 2024 മെയ് 30 ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ജൂറി, ബിസിനസ് രേഖകളില്‍ തിരിമറി നടത്തിയെന്ന പേരില്‍, ട്രംപിനെതിരെ ഉയര്‍ന്ന 34 കേസുകളില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സുമായി നടന്ന പണമിടപാടുകളുമായി ബന്ധപ്പെട്ടയിരുന്നു ഈ തിരിമറികള്‍. 2006 ല്‍ ട്രംപുമായി ഉഭയ സമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും 2016 ല്‍ ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചപ്പോള്‍ ഇത് പുറത്തു പറയാതെ നിശബ്ദത പാലിക്കുവാന്‍ 130,000 ഡോളര്‍ പണം സ്റ്റോമി ഡാനിയല്‍സിനു നല്‍കിയെന്നും വാള്‍സ്ട്രീറ്റ് ജേര്‍ണലാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതാണ് പിന്നീട് ഹഷ് മണി കേസ് എന്ന് അറിയപ്പെട്ടത്. ഈ കേസ് വാദം കേള്‍ക്കുന്നതിന് മുന്നോടിയായി ജസ്റ്റിസ് മെര്‍ച്ചന്‍ ട്രംപിനെതിരെ ഒരു ഗാഗ് ഓര്‍ഡര്‍ പുറത്തിറക്കിയിരുന്നു. ഇത് പ്രകാരം ജൂറിമാര്‍, സാക്ഷികള്‍, പ്രോസിക്യൂഷന്‍ സംഘം, ജഡ്‌ജിൻ്റെ കുടുംബം എന്നിവര്‍ക്കെതിരെ പരാമര്‍ശം നടത്തുന്നതില്‍ നിന്നും ട്രംപിനെ വിലക്കിയിരുന്നു. എന്നാല്‍ 13 അംഗ ജൂറി ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ജസ്റ്റിസ് ഹുവാന്‍ മെര്‍ച്ചന് തന്നോട് വെറുപ്പാണ് എന്നാണ് ട്രംപ് പറഞ്ഞത്. ജൂലൈ 11 നാണ് ഹുവാന്‍ മെര്‍ച്ചന്‍ ട്രംപിൻ്റെ ശിക്ഷാവിധി പ്രഖ്യാപിക്കാനിരുന്നത്.ഡൊണാൾഡ് ട്രംപിൻ്റെ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സമർപ്പിച്ച ഹർജിയെ എതിർക്കില്ലെന്ന് മാൻഹട്ടൻ ഡിസ്‌ട്രിക്റ്റ് അറ്റോണി ഓഫീസ് അറിയിച്ചു.

SCROLL FOR NEXT