NEWSROOM

ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി അറിയിച്ചു

Author : ന്യൂസ് ഡെസ്ക്


ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ എക്സൈസിന് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കി. കേസില്‍ എക്‌സൈസ് അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് കാണിച്ചാണ് ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. അറസ്റ്റ് തടയണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നാണ് ശ്രീനാഥ് ഭാസിയുടെ വാദം. പ്രതി തസ്ലിമയില്‍ നിന്ന് താന്‍ കഞ്ചാവ് വാങ്ങിയിട്ടില്ലെന്നും അറസ്റ്റ് ചെയ്താല്‍ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുമെന്നും ശ്രീനാഥ് ഭാസി അറിയിച്ചു. താന്‍ ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം ദുരുപയോഗം ചെയ്യില്ലെന്നും തനിക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും ശ്രീനാഥ് ഭാസി കൂട്ടിച്ചേര്‍ത്തു.




ഏപ്രില്‍ ഒന്നിനാണ് തസ്ലിമ സുല്‍ത്താനയെ എക്സെസും ലഹരി വിരുദ്ധ പ്രത്യക സ്‌ക്വാഡും അറസ്റ്റ് ചെയ്തത്. വില്‍പ്പനയ്ക്കായി എത്തിച്ച കഞ്ചാവുമായാണ് ഇവര്‍ അറസ്റ്റിലായത്. ഇവരാണ് ശ്രീനാഥ് ഭാസിയുടെ പേര് പറഞ്ഞത്.

നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുല്‍ത്താന്‍ മൊഴി നല്‍കിയിരുന്നു. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്‌സൈസിന് തസ്ലീമ നല്‍കിയ മൊഴിയില്‍ പറയുന്നുണ്ട്. സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് എക്‌സൈസ് അറിയിച്ചു.

SCROLL FOR NEXT