അരവിന്ദ് കെജ്‌രിവാള്‍ 
NEWSROOM

താൻ ഇ.ഡി വേട്ടയുടെ ഇര, ജാമ്യം നിഷേധിക്കൽ തെറ്റായ നീതിനിര്‍വഹണത്തിന് തുല്യം: കെജ്‌രിവാള്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്‍റെ ജാമ്യം നിഷേധിക്കുന്നത് തെറ്റായ നീതിനിര്‍വഹണത്തിന് തുല്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ വേട്ടയുടെ ഇരയാണ് താനെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്‍റെ ജാമ്യം നിഷേധിക്കുന്നത് തെറ്റായ നീതിനിര്‍വഹണത്തിന് തുല്യമാണെന്നും കെജ്‌രിവാള്‍ പറഞ്ഞു. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഇ.ഡിയുടെ ഹര്‍ജി ഡൽഹി ഹൈക്കോടതി പരിഗണിക്കവെയാണ് കെജ്രിവാൾ കോടതിയിൽ തന്റെ വാദങ്ങൾ അവതരിപ്പിച്ചത്.

"സൗത്ത് ഗ്രൂപ്പില്‍ നിന്നും എഎപി ഏതെങ്കിലും തരത്തിലുള്ള കോഴയോ, ഫണ്ടോ വാങ്ങി ഗോവ തെരഞ്ഞെടുപ്പില്‍ വിനിയോഗിച്ചതായി തെളുവുകളില്ല. ഒരൊറ്റ രൂപ പോലും എഎപിയിലേക്ക് എത്തിയതിന് തെളിവുകളില്ല. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണിവ," അരവിന്ദ് കെജ്‌രിവാള്‍ കോടതിയില്‍ പറഞ്ഞു.

ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഇഡിയുടെ ഹര്‍ജി പരിഗണിക്കുന്നത് ജുലൈ 15ലേക്ക് മാറ്റി. ഇ.ഡിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. കെജ്‌രിവാള്‍ നല്‍കിയ മറുപടിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുവാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് ഇഡി കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് ജൂലൈ 15ലേക്ക് മാറ്റി. മാര്‍ച്ച് 21 നാണ് ഇഡി കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുന്നത്.

റോസ് അവന്യു കോടതിയിലെ അവധിക്കാല ജഡ്ജി നിയെയ് ബിന്ദുവാണ് കെജ്‌രിവാളിന് ജാമ്യം അനുവദിച്ചത്. ജാമ്യത്തിനെ ഇഡി ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജൂണ്‍ 25ന് സ്‌റ്റേ ചെയ്യുകയായിരുന്നു. വിചാരണക്കോടതി തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കിയില്ലായെന്നായിരുന്നു ഹൈക്കോടതിയില്‍ ഇ.ഡിയുടെ വാദം. എന്നാല്‍ കെജ്‌രിവാള്‍ ഈ വാദത്തെ എതിര്‍ത്തു.

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ അഴിമതി ആരോപണങ്ങളില്‍ കെജ്‌രിവാള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കള്ളപ്പണ കേസില്‍ ജാമ്യം നിഷേധിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കെജ്‌രിവാളിനെ തിഹാര്‍ ജയിലില്‍ സി.ബി.ഐ ചോദ്യം ചെയ്യുകയും ജൂണ്‍ 26ന് കോടതി അനുമതിയോടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അഴിമതിക്കേസില്‍ ജാമ്യം ആവശ്യപ്പെട്ടും സിബിഐയുടെ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടും കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇരു ഹര്‍ജികളും ജൂലൈ 17 നായിരിക്കും വാദം കേള്‍ക്കുക.


SCROLL FOR NEXT