NEWSROOM

പാലക്കാട്ടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്; സ്ഥാനാര്‍ഥിയെ തീരുമാനിച്ചത് ഒറ്റയ്ക്കല്ല: കെ. സുരേന്ദ്രൻ

പാലക്കാട് ബിജെപി തോല്‍വിക്കു പിന്നാലെ പ്രമീള ശശിധരന്റേത് ഉള്‍പ്പെടെയുള്ള പരസ്യ പതികരണങ്ങള്‍ പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

രാജി അഭ്യൂഹങ്ങള്‍ക്കിടെ ആരോപണങ്ങളോട് പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേരളത്തില്‍ മിക്ക സമയത്തും ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നിരിക്കേ, പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് മാത്രമായി മാധ്യമങ്ങള്‍ ചര്‍ച്ച ഒതുക്കുന്നുവെന്ന് സുരേന്ദ്രന്‍ വിമര്‍ശിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയത്തിന് കുമ്മനം രാജശേഖരനെയാണ് പാര്‍ട്ടി നിയമിച്ചത്. എല്ലാവരേയും കണ്ട് മൂന്ന് പേരുടെ പട്ടിക അദ്ദേഹം നല്‍കി. സംസ്ഥാന സമിതി ഇത് ചര്‍ച്ച ചെയ്തു. രണ്ട് പേര്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞു. സി. കൃഷ്ണകുമാറും മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞിരുന്നു. ഇതുവെച്ചു കൊണ്ടാണ് താന്‍ റിപ്പോര്‍ട്ട് കൊടുത്തത്.


നരേന്ദ്ര മോദി, ജെ.പി നദ്ധ അടക്കമുള്ളവര്‍ പരിശോധിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. വി. മുരളീധരന്‍ അധ്യക്ഷനായിരുന്നപ്പോള്‍ പിറവത്ത് കിട്ടിയത് 2000 വോട്ടാണ്. അന്നാരും അധ്യക്ഷന്‍ രാജിവെക്കണമെന്ന് പറഞ്ഞില്ല. താന്‍ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര നേതൃത്വമാണ്. തന്റെ പ്രവര്‍ത്തനത്തില്‍ വീഴ്ച ഉണ്ടായിട്ടിട്ടുണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യപ്പെടണം.


പാലക്കാട് ബിജെപി തോല്‍വിക്കു പിന്നാലെ പ്രമീള ശശിധരന്റേത് ഉള്‍പ്പെടെയുള്ള പരസ്യ പതികരണങ്ങള്‍ പരിശോധിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് മണ്ഡലത്തില്‍ മുഴുവനായി ബിജെപിക്ക് വോട്ട് കുറഞ്ഞുവെന്നും സുരേന്ദ്രന്‍ സമ്മതിച്ചു. ശോഭാ സുരേന്ദ്രനെ പിന്തുണയ്ക്കുന്നവര്‍ വോട്ട് മറിച്ചുവെന്ന ആരോപണവും സുരേന്ദ്രന്‍ തള്ളി. ശോഭാ സുരേന്ദ്രന്‍ ആരേയും അട്ടിമറിച്ചിട്ടില്ല. നന്നായി പ്രവര്‍ത്തിച്ച ആ സ്ത്രീയെ വെറുതെ പറയരുതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

SCROLL FOR NEXT