NEWSROOM

എൻ്റെ അവസ്ഥ മനസിലാക്കി സംസാരിച്ചതിന് ആസിഫിനോട് നന്ദിയുണ്ട്: രമേശ് നാരായണ്‍

തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബര്‍ ആക്രമണം ഒഴിവാക്കണമെന്നും രമേശ് നാരായണ്‍ ആവശ്യപ്പെട്ടു

Author : ന്യൂസ് ഡെസ്ക്

മനോരഥങ്ങള്‍ സിനിമ ട്രെയിലര്‍ ലോഞ്ചിനിടെ ഉണ്ടായ വിവാദങ്ങളില്‍ ആസിഫ് അലിയോട് മാപ്പ് പറഞ്ഞ് സംഗീത സംവിധായകന്‍ രമേശ് നാരായണ്‍. തൻ്റെ അവസ്ഥ മനസിലാക്കി സംസാരിച്ചതിന് ആസിഫിനോട് നന്ദിയുണ്ട്. ആസിഫിന്‍റെ ​മഹത്വം ആണത്. ആസിഫ് എന്നെ വിളിച്ചു സംസാരിച്ചു, ഉടനെ നേരില്‍ കാണുന്നുണ്ട്. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ വിഷമമുണ്ടെന്നും രമേശ് നാരായണ്‍ പറഞ്ഞു. തനിക്കും കുടുംബത്തിനുമെതിരെയുള്ള സൈബര്‍ ആക്രമണം ഒഴിവാക്കണമെന്നും രമേശ് നാരായണ്‍ ആവശ്യപ്പെട്ടു.

'ഇത് ഒരിക്കലും വർഗീയതായി മാറാൻ പാടില്ല എന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. ആസിഫിന്റെ ആരാധകർക്ക് വിഷമം ഉണ്ടായി‌ട്ടുണ്ടാകാം. അതുകൊണ്ടാണ് എനിക്കെതിരെ പോസ്റ്റുകൾ വ്യാപകമായത്. എല്ലാവരും മനുഷ്യരാണ്,' രമേശ് നാരായൺ വ്യക്തമാക്കി.

വിഷയത്തില്‍ പ്രതികരണവുമായി ആസിഫ് അലിയും രംഗത്തെത്തിയിരുന്നു. രമേശ് നാരായൺ തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചെന്നും മാപ്പ് പറയുന്ന നിലയിലേക്ക് ഈ സംഭവം എത്താന്‍ പാടില്ലായിരുന്നുവെന്നും ആസിഫ് അലി പറഞ്ഞു. രമേശ് നാരായൺ തന്നെ അപമാനിച്ചെന്ന് തോന്നിയിട്ടില്ല. ഒരു നിമിഷത്തില്‍ അദ്ദേഹത്തിന് തോന്നിയ വിഷമത്തില്‍ നിന്ന് സംഭവിച്ചു പോയതാണ്, മൊമെന്‍റോ സ്വീകരിക്കാന്‍ വേദിയിലേക്ക് ക്ഷണിക്കാതിരുന്നതും പേര് തെറ്റിവിളിച്ചതും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടാകാം. തന്നെ ഒരു തരത്തിലും ഈ സംഭവം ബാധിച്ചിട്ടില്ല. തനിക്ക് നല്‍കുന്ന പിന്തുണ മറ്റുള്ളവര്‍ക്കെതിരെയുള്ള വിദ്വേഷ പ്രചരണമാകരുതെന്നും ആസിഫ് അലി വ്യക്തമാക്കി. 

SCROLL FOR NEXT