പുടിന്‍, ട്രംപ് 
NEWSROOM

"അയാള്‍ ആളുകളെ കൊല്ലുകയാണ്... എന്താണ് അയാള്‍ക്ക് സംഭവിച്ചത്? ഇത് ഭ്രാന്താണ്"; പുടിനെ വിമര്‍ശിച്ച് ട്രംപ്

ഞങ്ങള്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകള്‍ അയയ്ക്കുന്നത്. എനിക്കത് ഒട്ടും ഇഷ്ടമല്ല -ട്രംപ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്



റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അയാള്‍ നിരവധിയാളുകളെ കൊല്ലുകയാണ്. പുടിന് എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് തനിക്ക് അറിയില്ല. പുടിന്റെ ചെയ്തിയില്‍ സന്തോഷമില്ല. ഇത് ഭ്രാന്താണെന്നും ട്രംപ് പറഞ്ഞു. യുക്രെയ്‌നില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും റഷ്യ കടുത്ത ആക്രമണം തുടരുന്നതിനിടെയാണ് ട്രംപിന്റെ വാക്കുകള്‍. ആദ്യം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ട്രംപ് പിന്നീട് ട്രൂത്ത് സോഷ്യലിലും ഇക്കാര്യങ്ങള്‍ ആര്‍ത്തിച്ചു.

"എനിക്ക് അദ്ദേഹത്തെ കാലങ്ങളായി അറിയാം. അദ്ദേഹവുമായി അടുത്തിടപെടാറുമുണ്ട്. എന്നാല്‍, അയാള്‍ നഗരങ്ങളിലേക്ക് റോക്കറ്റുകള്‍ അയച്ച് ആളുകളെ കൊല്ലുകയാണ്. ഞങ്ങള്‍ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം കീവിലേക്കും മറ്റ് നഗരങ്ങളിലേക്കും റോക്കറ്റുകള്‍ അയയ്ക്കുന്നത്. എനിക്കത് ഒട്ടും ഇഷ്ടമല്ല" - മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി.

തൊട്ടുപിന്നാലെ ട്രൂത്ത് സോഷ്യലിലും ട്രംപ് നിലപാട് ആവര്‍ത്തിച്ചു. പുടിന്‍ തികഞ്ഞ ഭ്രാന്താണ് ചെയ്യുന്നത്. അയാള്‍ തന്റെ ചെയ്തികള്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍, അത് റഷ്യയുടെ തകര്‍ച്ചയിലേക്ക് നയിക്കും. ചെറിയൊരു ഭാഗമല്ല, യുക്രെയ്‌ന്‍ മുഴുവനായി വേണമെന്നാണ് പുടിന്റെ ആഗ്രഹമെന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അത് ശരിയാണെന്ന് തെളിഞ്ഞാലും, അയാളത് ചെയ്താല്‍ അത് റഷ്യയുടെ തകര്‍ച്ചയിലേക്ക് നയിക്കും" - ട്രംപ് കുറിച്ചു.

യുക്രെയ്‌ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ നിലപാടുകളെയും ട്രംപ് കുറഞ്ഞ വാക്കുകളില്‍ വിമര്‍ശിച്ചു. "സെലന്‍സ്കി ഇപ്പോഴുള്ള രീതിയില്‍ സംസാരിക്കുന്നത് തുടരുന്നത് രാജ്യത്തിന് ഗുണം ചെയ്യില്ല. സെലന്‍സ്കിയുടെ വായില്‍നിന്ന് വരുന്നതെല്ലാം പ്രശ്നത്തിന് കാരണമാകുന്നു. എനിക്കത് ഇഷ്ടമല്ല. അദ്ദേഹമത് അവസാനിപ്പിക്കുന്നതാകും നല്ലത്" -ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

യുക്രെയ്‌നില്‍ റഷ്യ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ അറൂന്നൂറിലധികം ഡ്രോണുകളും ഡസന്‍ കണക്കിന് മിസൈലുകളുമാണ് റഷ്യ യുക്രെയ്‌നിലേക്ക് തൊടുത്തത്. വ്യോമാക്രമണങ്ങളില്‍ 12 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മൂ​ന്ന് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി തു​ട​രു​ന്ന യു​ദ്ധ​ത്തി​ലെ, ഏറ്റവും വലിയ ആക്രമണദിനം എന്നാണ് യു​ക്രെ​യ്ൻ വ്യോ​മ​സേ​ന വ​ക്താ​വ് പ്രതികരിച്ചത്.

SCROLL FOR NEXT