കുട്ടിക്കാലത്ത് താൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്നും കുട്ടികളുടെ സുരക്ഷയെക്കുറിച്ച് രക്ഷിതാക്കൾ കൂടുതൽ മുൻകരുതൽ സ്വീകരിക്കണമെന്നും തുറന്നുപറഞ്ഞ് നടി വരലക്ഷ്മി ശരത് കുമാർ. സീ തമിഴ് എന്ന ചാനലിൻ്റെ ഡാൻസ് റിയാലിറ്റി ഷോയ്ക്കിടയിലാണ് വിധികർത്താവായ താരം ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. ഈ വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിട്ടുണ്ട്.
ചെറുപ്പത്തിൽ തന്നെ അഞ്ചോ ആറോ പേർ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടൻ ശരത് കുമാറിൻ്റെ മകൾ കൂടിയായ യുവനടി തുറന്നുപറഞ്ഞത്. സംഭവകഥ വിശദീകരിക്കുന്നതിനെ വരലക്ഷ്മി ചാനൽ പരിപാടിയിൽ വെച്ച് പൊട്ടിക്കരയുകയും ചെയ്തു. മത്സരാർഥിയായ ഒരു പെൺകുട്ടിയുടെ ജീവിതകഥ പറയുന്നതിനിടെയാണ് താനും ഇത്തരത്തിൽ അഞ്ചോ ആറോ പേരാൽ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് വരലക്ഷ്മി സൂചിപ്പിച്ചത്. പെൺകുട്ടിയെ വാരിപ്പുണർന്ന ശേഷം ആശ്വസിപ്പിക്കാനും നടി മറന്നില്ല.
"ഞാനും നിങ്ങളെപ്പോലെയാണ്. എൻ്റെ മാതാപിതാക്കൾ (നടൻ ശരത്കുമാറും ഛായയും) അന്ന് ജോലിക്കാരായിരുന്നു. അതിനാൽ അവർ എന്നെ മറ്റുള്ളവരുടെ സംരക്ഷണയിൽ വിടുമായിരുന്നു. കുട്ടിക്കാലത്ത് അഞ്ചോ ആറോ പേർ എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ കഥ എന്റെ കഥയാണ്. എനിക്ക് കുട്ടികളില്ല. പക്ഷേ, ഞാൻ മാതാപിതാക്കളോട് പറയുന്നത്.. കുട്ടികൾക്ക് ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്ന് പഠിപ്പിക്കണമെന്നാണ്," വരലക്ഷ്മി പറഞ്ഞു.
ക്യാമറയ്ക്ക് മുന്നിൽ കരഞ്ഞു പരിചയമില്ലെന്നും അതിന് ക്ഷമ ചോദിക്കുന്നുവെന്നും അവർ പറഞ്ഞു. അതേസമയം, മറ്റൊരു വിധികർത്താവായ നടി സ്നേഹ, വരലക്ഷ്മി ആരോടും ക്ഷമാപണം നടത്തരുതെന്നും ഇത്തരത്തിലൊരു കഥ പൊതുവേദിയിൽ പങ്കുവെക്കാൻ ധൈര്യം വേണമെന്നും വരലക്ഷ്മിയെ സമാശ്വസിപ്പിച്ചു.
മുമ്പും നിരവധി തവണ നേരിട്ട ലൈംഗിക പീഡനങ്ങളെ ക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട് വരലക്ഷ്മി. അവരുടെ നേതൃത്വത്തിലുള്ള 'സേവ് ശക്തി ഫൗണ്ടേഷൻ' വഴി അതിജീവിതമാർക്ക് പിന്തുണ നൽകുന്നതിനെക്കുറിച്ചും അവർ നിരന്തരം ശബ്ദമുയർത്തിയിട്ടുണ്ട്. വീഡിയോ കാണാം...