NEWSROOM

'ഇൻസെപ്ഷൻ ട്രെയ്‌ലര്‍ കണ്ടപ്പോള്‍ ഡിപ്രഷനിലായി'; അതുപോലൊരു കഥ 2008ല്‍ എഴുതിയിരുന്നുവെന്ന് നാഗ് അശ്വിന്‍

കല്‍ക്കിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നാഗ് അശ്വിന്‍ നേരത്തെ പുറത്തുവിട്ടിരുന്നു

Author : ന്യൂസ് ഡെസ്ക്


ക്രിസ്റ്റഫര്‍ നോളന്റെ ഇന്‍സെപ്ഷന്‍ പോലൊരു കഥ താന്‍ 2008ല്‍ എഴുതിയിരുന്നുവെന്ന് സംവിധായകന്‍ നാഗ് അശ്വിന്‍. ഹൈദരാബാദിലെ ഒരു കോളേജില്‍ വെച്ച് നടന്ന സംവാദത്തിലാണ് നാഗ് അശ്വിന്‍ ഇതേ കുറിച്ച് സംസാരിച്ചത്. എങ്ങനെയാണ് ഹൈ കോണ്‍സെപ്റ്റ് സിനിമകള്‍ നിര്‍മിക്കുന്നതെന്നും ആശയങ്ങള്‍ എങ്ങനെയാണ് യൂണിവേഴ്‌സല്‍ ആകുന്നത് എന്നതിനെ കുറിച്ചും നാഗ് അശ്വിന്‍ സംസാരിച്ചു.

'2008ല്‍ ഞാന്‍ ഇന്‍സെപ്ഷന്‍ പോലൊരു കഥ എഴുതിയിരുന്നു. നോളന്റെ സിനിമ സ്വപ്‌നങ്ങളെ കുറിച്ചായിരുന്നെങ്കില്‍ എന്റേത് ഓര്‍മകളെ കുറിച്ചായിരുന്നു. ഇന്‍സെപ്ഷന്റെ ട്രെയ്‌ലര്‍ കണ്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ ഡിപ്രഷനിലായി', നാഗ് അശ്വിന്‍ പറഞ്ഞു.

'ഒറിജിനാലിറ്റി എന്നത് സത്യം പറഞ്ഞാല്‍ നമ്മുടെ കയ്യിലുള്ള കാര്യമല്ല. അതിന് പിന്നാലെ പോകുന്നത് നിര്‍ത്തുന്നത് തെറ്റല്ല. അതിന് പകരം, ചെയ്യുന്ന ജോലിയില്‍ സത്യസന്ധത കൊണ്ടുവരാന്‍ നോക്കുക', എന്നും നാഗ് അശ്വിന്‍ വ്യക്തമാക്കി.




അതേസമയം കല്‍ക്കിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങള്‍ നാഗ് അശ്വിന്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ രണ്ടാം ഭാഗം ചിത്രീകരണം ആരംഭിക്കുമെന്നാണ് നാഗ് അശ്വിന്‍ പറഞ്ഞത്. ആദ്യ ഭാഗത്തില്‍ പ്രഭാസിന് സ്‌ക്രീന്‍ സ്‌പെയ്‌സ് കുറവായിരുന്നു എന്ന പരാതി കേട്ടിരുന്നു. എന്നാല്‍ രണ്ടാം ഭാഗത്തേക്ക് വരുമ്പോള്‍ പ്രഭാസിന് കൂടുതല്‍ ഭാഗങ്ങള്‍ ഉണ്ടാകുമെന്നും അശ്വിന്‍ വ്യക്തമാക്കി.

പ്രഭാസും ദീപിക പദുക്കോണും അഭിനയിച്ച പാന്‍-ഇന്ത്യ സയന്‍സ് ചിത്രമായ കല്‍ക്കി 2898 എഡി 2024 ജൂണിലാണ് പുറത്തിറങ്ങിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 1,180 കോടിയിലധികം രൂപ ചിത്രം നേടി. ബോളിവുഡ് താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. ഈ ചിത്രത്തില്‍ നടനും സംവിധായകനുമായ കമല്‍ഹാസന്‍ നെഗറ്റീവ് വേഷത്തില്‍ അഭിനയിച്ചിരുന്നു. അശ്വിനി ദത്ത് നിര്‍മിച്ച ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതം സന്തോഷ് നാരായണനാണ് ഒരുക്കിയത്.

SCROLL FOR NEXT