NEWSROOM

ഐബി ഉദ്യോ​ഗസ്ഥയുടെ മരണം: കുറ്റാരോപിതനായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ട് ഐബി

ആത്മഹത്യ കേസിൽ പ്രതി ചേർത്ത പശ്ചാത്തലത്തിലാണ് ഐബിയുടെ നടപടി

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോ​ഗസ്ഥയുടെ ആത്മഹത്യയിൽ സുഹൃത്തും സഹപ്രവർത്തകനുമായ സുകാന്ത് സുരേഷിനെ പിരിച്ചുവിട്ടു. ആത്മഹത്യ കേസിൽ പ്രതി ചേർത്ത പശ്ചാത്തലത്തിലാണ് ഐബിയുടെ നടപടി. സുകാന്തിനെതിരെ കേസെടുത്തെന്ന് പൊലീസ് നേരത്തെ ഐബിയെ അറിയിച്ചിരുന്നു.

മാർച്ച്‌ 24നാണ്‌ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥയെ റെയിൽവേ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ മരണത്തിന് പിന്നാലെ സഹപ്രവർത്തകൻ സുകാന്തിനെതിരെ ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. യുവതിയെ സുകാന്ത് സാമ്പത്തികമായും ലൈം​ഗികമായും ചൂഷണം ചെയ്തുവെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.

പിന്നാലെ സുഹൃത്ത് സുകാന്തിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഉദ്യോഗസ്ഥയുടെ മരണത്തില്‍ സുകാന്തിനെതിരെ കുടുംബം ഉന്നയിച്ച ആരോപണങ്ങള്‍ ശരി വയ്ക്കുന്നതായിരുന്നു പൊലീസ് കണ്ടെടുത്ത രേഖകള്‍. ജൂലൈയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഇവരുടെ ഗര്‍ഭഛിദ്രം നടത്തി. ഇതിനായി തയ്യാറാക്കിയ വ്യാജ വിവാഹക്ഷണക്കത്ത് പൊലീസ് കണ്ടെടുത്തു. സ്വകാര്യ ആശുപത്രിയിലെ ചികിത്സാ രേഖകള്‍ കുടുംബം നേരത്തെ പൊലീസിന് കൈമാറിയിരുന്നു. ഗര്‍ഭഛിദ്രം നടത്തിയ ശേഷമാണ് വിവാഹത്തിന് താല്‍പര്യമില്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയെ അറിയിക്കുന്നത്. ഇക്കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണസംഘം കരുതുന്നത്.


കഴിഞ്ഞ ദിവസം സുകാന്തിനെ പ്രതിയാക്കി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാ പ്രേരണ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് സുകാന്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതി മുന്‍കൂര്‍ ജാമ്യത്തിന് ഹൈക്കോടതിയെ സമീപിച്ചിച്ചുണ്ട്.

SCROLL FOR NEXT