NEWSROOM

വയനാട് അര്‍ബന്‍ ബാങ്ക് നിയമന വിവാദം; ശുപാര്‍ശ കത്ത് നല്‍കിയെന്ന് സമ്മതിച്ച് ഐ.സി. ബാലകൃഷ്ണന്‍

താന്‍ ശുപാര്‍ശ കത്ത് നല്‍കിയിട്ടും ബാങ്ക് ജോലി നല്‍കിയില്ലെന്നും എന്‍.എം. വിജയന്റെ മകനെ തൊഴിലില്‍ നിന്ന് പിരിച്ചുവിടണമെന്ന തരത്തില്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്


സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്കിലെ നിയമനത്തിന് ശുപാര്‍ശക്കത്ത് നല്‍കിയെന്ന് സമ്മതിച്ച് ഐ.സി. ബാലകൃഷ്ണന്‍ എം.എൽഎ. കെ.വി. ബാലകൃഷ്ണന്റെ മകള്‍ക്കായാണ് ശുപാര്‍ശ കത്ത് നല്‍കിയത്. യോഗ്യതയുണ്ടായിട്ടും അര്‍ബന്‍ ബാങ്കിലെ ജോലി നിഷേധിച്ച സാഹചര്യത്തിലാണ് കത്ത് നല്‍കിയതെന്നും ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു.  കഴിഞ്ഞ ദിവസം ശുപാര്‍ശ കത്ത് പുറത്തായതോടെയാണ് ഐ.സി. ബാലകൃഷ്ണന്‍ അത് താന്‍ നല്‍കിയത് തന്നെയാണെന്ന് സമ്മതിച്ച് രംഗത്തെത്തിയത്.

താന്‍ ശുപാര്‍ശ കത്ത് നല്‍കിയിട്ടും ബാങ്ക് ജോലി നല്‍കിയില്ലെന്നും എന്‍.എം. വിജയന്റെ മകനെ തൊഴിലില്‍ നിന്ന് പിരിച്ചുവിടണമെന്ന തരത്തില്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു. 

'എന്നെ സമീപിച്ചപ്പോള്‍ ഒരു കത്ത് തരണമെന്നാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി എന്ന നിലയ്ക്ക് ഒരു കത്ത് അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. മാത്രമല്ല, എന്‍.എം. വിജയേട്ടന്റെ മകന്‍ ജിജേഷിനെ പിരിച്ചു വിടണം എന്നും ജോലി കൊടുക്കേണ്ട എന്നും ഞാന്‍ എവിടെയും ആര്‍ക്കും ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ല. അത്തരത്തില്‍ ഒരു പ്രചരണം അടിസ്ഥാനരഹിതമാണ് എന്നാണ് സൂചിപ്പിക്കാനുള്ളത്. മാത്രവുമല്ല, കെ.വി. ബാലകൃഷ്ണന് ഞാന്‍ കൊടുത്ത കത്തിലെ ശുപാര്‍ശ അനുസരിച്ച് അവിടെ ജോലി ലഭിച്ചില്ല. അതിന് ശേഷം അദ്ദേഹം നിയമപരമായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിച്ചാണ് ആ ഉദ്യോഗാര്‍ഥിയെ ബാങ്കില്‍ ജോലിയില്‍ കയറ്റിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്," ഐ.സി. ബാലകൃഷ്ണൻ പറഞ്ഞു. 

എന്‍.എം. വിജയന്റെ ആത്മഹത്യാ കുറിപ്പ് ഉള്‍പ്പെടുന്ന കത്തില്‍ തന്റെ മകനെ ഒഴിവാക്കാന്‍ ശ്രമമുണ്ടായെന്നും അതിന് ഐ.സി. ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ ശ്രമിച്ചു എന്നതടക്കമുള്ള ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. കത്ത് പുറത്തായ ഘട്ടത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ ശുപാര്‍ശയെ നിഷേധിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. താന്‍ ആര്‍ക്കും ശുപാര്‍ശ നല്‍കിയിട്ടില്ലെന്നായിരുന്നു ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞിരുന്നത്.

2021 അര്‍ബന്‍ ബാങ്കില്‍ താന്‍ പറയുന്ന ആള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ ലെറ്റര്‍ പാഡില്‍ നല്‍കിയ ശുപാര്‍ശയുടെ കോപ്പിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശുപാര്‍ശ കത്ത് പുറത്തെത്തിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്റെ മകള്‍ക്ക് അര്‍ബന്‍ ബാങ്കില്‍ സ്വീപ്പര്‍ പോസ്റ്റിലേക്ക് നിയമനം നല്‍കണമെന്നാണ് ശുപാര്‍ശ കത്തിലെ നിര്‍ദേശം. 2021ലാണ് കത്ത് അച്ചടിച്ചിരിക്കുന്നത്. അന്നത്തെ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ.

സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്കില്‍ അനധികൃത നിയമനം നടന്നുവെന്ന് നിലവിലെ ബാങ്ക് ചെയര്‍മാന്‍ ഡി.പി. രാജശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. 2023ല്‍ താന്‍ ചെയര്‍മാനായി വന്നപ്പോള്‍ സഹകരണ വകുപ്പിന്റെ ഉത്തരവില്‍ ചട്ട പ്രകാരമല്ലാതെ നിയമനം നേടിയ അഞ്ച് പേരെ പിരിച്ചു വിട്ടിരുന്നെന്നും രാജശേഖരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതും ഐ.സി. ബാലകൃഷ്ണന് കുരുക്കായേക്കും.

കോണ്‍ഗ്രസ് നേതാക്കള്‍ ബാങ്ക് ജോലിക്കായി കോഴ വാങ്ങിയ സംഭവമാണ് വിജയന്റെയും മകന്റെയും മരണത്തിന് പിന്നിലെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കോഴ വാങ്ങിയതിനെ സാധൂകരിക്കുന്ന പഴയ കരാര്‍ രേഖകളും പുറത്തു വന്നു. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായെന്നായിരുന്നു നേരത്തെ കണ്ടെത്തിയത്.

ഉന്നത നേതാക്കള്‍ വാഗ്ദാനം ചെയ്ത ബാങ്ക് ജോലി നല്‍കാന്‍ കഴിയാതായതോടെ ഉദ്യോഗാര്‍ഥിയുടെ വീട്ടുകാര്‍ പണം തിരികെ ചോദിച്ചു. തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദേശ പ്രകാരം വിജയന്‍ ലക്ഷങ്ങള്‍ പലിശയ്ക്കു വാങ്ങിയത്. പലിശയ്ക്ക് പണം വാങ്ങിയത് തിരിച്ചു നല്‍കാനാവാത്തതിനാല്‍ ഒടുവില്‍ വിജയന് തന്റെ പേരിലുള്ള ഭൂമി ഈടു നല്‍കേണ്ടി വന്നു. സ്ഥലം ഈട് നല്‍കി 20 ലക്ഷം വാങ്ങിയ ഈ കരാറില്‍, 2022 ഏപ്രില്‍ 29ന് നിലവിലെ ഡിസിസി വൈസ് പ്രസിഡന്റ് ഒപ്പിട്ടു. എന്നാല്‍ പണം തിരിച്ചടക്കാന്‍ കഴിയാഞ്ഞതോടെയാണ് വിജയന്‍ കടക്കെണിയിലായതും പിന്നാലെ ആത്മഹത്യ ചെയ്തതുമെന്നാണ് പ്രാഥമിക നിഗമനം.

SCROLL FOR NEXT