NEWSROOM

ഐ.സി. ബാലകൃഷ്ണന്‍ ഉടന്‍ കേരളത്തിലേക്കില്ല; ജാമ്യം കിട്ടുന്നതുവരെ കര്‍ണാടകയില്‍ തുടരാന്‍ തീരുമാനം

ഐ.സി. ബാലകൃഷ്ണന് പുറമെ വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചനും ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥും ഒളിവിലാണ്

Author : ന്യൂസ് ഡെസ്ക്


സഹകരണബാങ്ക് നിയമന വിവാദം തുടരുന്നുതിനിടെ സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍ കര്‍ണാടകത്തില്‍ തന്നെ തുടരുമെന്ന് സൂചന. ജില്ലാ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ 15ന് അനുകൂലമായ വിധി ഉണ്ടായാല്‍ മാത്രമേ ജില്ലയില്‍ മടങ്ങി എത്തൂ. വയനാട് ഡിസിസി പ്രസിഡന്റ് എന്‍ .ഡി. അപ്പച്ചനും ഡിസിസി മുന്‍ ട്രഷറര്‍ കെ.കെ. ഗോപിനാഥും ഒളിവിലാണ്. ഇവരും മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രമേ നാട്ടിലെത്തുകയുള്ളൂ.

വയനാട് ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഐ.സി. ബാലകൃഷ്ണനെ പ്രതിച്ചേര്‍ത്തിരുന്നു. 15 വരെ ആത്മഹത്യ കേസില്‍ ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെയും എന്‍ഡി അപ്പച്ചന്റെയും അറസ്റ്റ് വയനാട് ജില്ലാ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യം ഉറപ്പിക്കാനുള്ള നടപടി.

15ന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്ന പക്ഷം മാത്രം ജില്ലയില്‍ എത്തിയാല്‍ മതിയെന്നാണ് പാര്‍ട്ടിയുടെയും നിര്‍ദേശം. നിയമന വിവാദത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ നല്‍കിയ ശുപാര്‍ശ കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നത് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിരുന്നു. ശുപാര്‍ശ നല്‍കിയെന്ന കാര്യം ആദ്യം വിസമ്മതിച്ച എംഎല്‍എ കത്ത് പുറത്തുവന്നതോടെ താന്‍ പറഞ്ഞത് തിരുത്തി രംഗത്തെത്തിയിരുന്നു.

2021 ല്‍ അര്‍ബന്‍ ബാങ്കില്‍ താന്‍ പറയുന്ന ആള്‍ക്ക് നിയമനം നല്‍കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എയുടെ ലെറ്റര്‍പാഡില്‍ നല്‍കിയ ശുപാര്‍ശയുടെ കോപ്പിയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.


എന്‍.എം. വിജയന്റെയും മകന്റെയും മരണത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശുപാര്‍ശ കത്ത് പുറത്തെത്തിയിരിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്റെ മകള്‍ക്ക് അര്‍ബന്‍ ബാങ്കില്‍ സ്വീപ്പര്‍ പോസ്റ്റിലേക്ക് നിയമനം നല്‍കണമെന്നാണ് ശുപാര്‍ശ കത്തിലെ നിര്‍ദേശം. 2021ലാണ് കത്ത് അച്ചടിച്ചിരിക്കുന്നത്. അന്നത്തെ ഡിസിസി പ്രസിഡന്റ് കൂടിയായിരുന്നു ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എ.

എന്നാല്‍ താന്‍ ശുപാര്‍ശ കത്ത് നല്‍കിയിട്ടും ബാങ്ക് ജോലി നല്‍കിയില്ലെന്നും പിന്നീട് കെ.വി. ബാലകൃഷ്ണന്‍ നിയമപരമായി കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിച്ചാണ് ആ ഉദ്യോഗാര്‍ഥിയെ ബാങ്കില്‍ ജോലിയില്‍ കയറ്റിയത് എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നുമായിരുന്നു ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞത്. എന്‍.എം. വിജയന്റെ മകനെ തൊഴിലില്‍ നിന്ന് പിരിച്ചുവിടണമെന്ന തരത്തില്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഐ.സി. ബാലകൃഷ്ണന്‍ പറഞ്ഞു.

SCROLL FOR NEXT