നാമ ലെവി 
NEWSROOM

"ഹമാസ് ബന്ദിയായിരിക്കെ ഏറ്റവും ഭയപ്പെട്ടിരുന്നത് ഇസ്രയേൽ വ്യോമാക്രമണത്തെ"; ഇസ്രയേൽ സൈന്യത്തിലെ നിരീക്ഷകയായിരുന്ന നാമ ലെവി പറയുന്നു

"...അത് നിങ്ങളുടെ മേല്‍ വീഴരുതേ എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കും... അപ്പോഴേക്കും നിങ്ങളെ തളര്‍ത്താന്‍ പാകത്തിലുള്ള വലിയ മുഴക്കം കേള്‍ക്കും, ഭൂമി കുലുങ്ങും..."

Author : ന്യൂസ് ഡെസ്ക്

ഹമാസ് ബന്ദിയായിരിക്കെ ഏറ്റവും ഭയപ്പെട്ടിരുന്നത് ഇസ്രയേല്‍ വ്യോമാക്രമണത്തെ ആയിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേനയിലെ നിരീക്ഷ സൈനികയായിരുന്ന നാമ ലെവി. അപ്രതീക്ഷിതമായാണ് അത് സംഭവിച്ചിരുന്നത്. ഓരോ തവണ വ്യോമാക്രമണം കേള്‍ക്കുമ്പോഴും, ഇതായിരിക്കും തന്റെ അവസാനമെന്ന് കരുതിയിരുന്നെന്നും നാമ ലെവിയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേലില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു നാമ. ജനുവരിയില്‍ വെടിനിര്‍ത്തല്‍ കരാറിനെത്തുടര്‍ന്ന് മോചിപ്പിക്കപ്പെട്ട അഞ്ച് ഐഡിഎഫ് വനിതാ നിരീക്ഷക സൈനികരില്‍ ഒരാളായിരുന്നു നാമ.

ഇസ്രയേല്‍ വ്യോമാക്രമണം അപ്രതീക്ഷിതമായാണ് സംഭവിക്കുന്നതെന്ന് നാമ പറഞ്ഞു. "ആദ്യം ഒരു വിസില്‍ കേള്‍ക്കും, അത് നിങ്ങളുടെ മേല്‍ വീഴരുതേ എന്ന് നിങ്ങള്‍ പ്രാര്‍ഥിക്കും... അപ്പോഴേക്കും നിങ്ങളെ തളര്‍ത്താന്‍ പാകത്തിലുള്ള വലിയ മുഴക്കം കേള്‍ക്കും, ഭൂമി കുലുങ്ങും. ഓരോ തവണ വ്യോമാക്രമണം കേള്‍ക്കുമ്പോഴും, ഇതായിരിക്കും തന്റെ അവസാനമെന്ന് കരുതും. എന്നെ ഏറ്റവും അപകടത്തിലാക്കിയതും അതാണ്. ബോംബാക്രമണങ്ങളിലൊന്നില്‍ ഞാനുണ്ടായിരുന്ന വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ഞാന്‍ ചാരിയ ചുവര്‍ ഇടിഞ്ഞുവീണില്ല, അതാണ് എന്നെ രക്ഷിച്ചത്. അതായിരുന്നു എന്റെ യാഥാര്‍ഥ്യം. ഇപ്പോള്‍ അത് അവരുടെ യാഥാര്‍ഥ്യമാണ്." -നാമ വിവരിച്ചു.

ഭക്ഷണമോ വെള്ളമോ ഇല്ലാതെ ദിവസങ്ങളുണ്ടായിരുന്നു. തടവിലാക്കിയവര്‍ ഒരു ദിവസം ഒരു പാത്രമെടുത്ത് പുറത്തുവച്ചു. മഴ പെയ്തപ്പോള്‍, അതില്‍ വെള്ളം നിറഞ്ഞു. അത് കുടിച്ചാണ് പട്ടിണി ഒഴിവാക്കിയതെന്നും നാമ ലെവി പറഞ്ഞു. വിവിധ നഗരങ്ങളിലായി നടന്ന സര്‍ക്കാര്‍-യുദ്ധ വിരുദ്ധ റാലിയില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. ബന്ദികളെയും തടവുകാരെയും മോചിപ്പിക്കാനുള്ള കരാർ ബെഞ്ചമിന്‍ നെതന്യാഹു സർക്കാർ അംഗീകരിക്കണമെന്ന് ബന്ദികളുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ പങ്കെടുത്ത റാലിയില്‍ ആവശ്യമുയര്‍ന്നു.

ഹമാസിനു പകരം ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെടുമോയെന്ന് ഭയപ്പെട്ടിരുന്നതായി മോചിപ്പിക്കപ്പെട്ട ഇസ്രയേല്‍ ബന്ദികളില്‍ ഏറെപ്പേരും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായുള്ള ചര്‍ച്ചയിലും ഹമാസ് ബന്ദികളാക്കിയിരുന്നവര്‍ ഇക്കാര്യം അറിയിച്ചിരുന്നു.

SCROLL FOR NEXT