NEWSROOM

മഴ മാറി, മാങ്കുളം ആനക്കുളത്തെ ആനക്കാഴ്ചകള്‍ കാണാം

അടുത്ത മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്കള്‍ തുടരും

Author : ന്യൂസ് ഡെസ്ക്

ഇടുക്കി മാങ്കുളം ആനക്കുളത്തിന്റെ പ്രത്യേകതയാണ് പുഴയില്‍ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനക്കൂട്ടങ്ങള്‍. മഴ കുറഞ്ഞതോടെ കാട്ടാനക്കൂട്ടം ആനക്കുളത്തെ പുഴയിലേക്കെത്തി തുടങ്ങി. കൂട്ടമായി എത്തുന്ന കാട്ടാനകള്‍ സഞ്ചാരികളുടെ ഇഷ്ടകാഴ്ചയാണ്. അടുത്ത മഴക്കാലം വരെ ആനക്കുളത്തെ ഈ ആനക്കാഴ്ച്കള്‍ തുടരും.


മാങ്കുളത്തിന്റെയും ആനക്കുളത്തിന്റെയും വിനോദസഞ്ചാര മേഖലയെ സജീവമാക്കുന്നത് ഈ കാട്ടാനക്കൂട്ടങ്ങളാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങള്‍ ധാരാളം ഉണ്ടെങ്കിലും ആനക്കുളത്തെ കാട്ടാനകളെ കാണാന്‍ കൂടിയാണ് സഞ്ചാരികള്‍ മാങ്കുളത്തേക്കെത്തുന്നത്. മഴ കുറഞ്ഞതോടെ കാട്ടാനകള്‍ വീണ്ടും ആനക്കുളത്തെ ലക്ഷ്യമാക്കി എത്തിതുടങ്ങി.


കാടിനേയും നാടിനേയും വേര്‍തിരിക്കുന്ന ഈറ്റച്ചോലയാറ്റിലെത്തി മതിവരുവോളം കാട്ടാനക്കൂട്ടം വെള്ളം കുടിക്കും. തൊട്ടരികിലെന്നോണം സഞ്ചാരികള്‍ക്ക് ഈ കാഴ്ച കണ്ടുമടങ്ങാം. കുട്ടിയാനകളും കൊമ്പന്മാമാരും അവരുടെ വികൃതികളുമെല്ലാം വിനോദ സഞ്ചാരികള്‍ക്ക് രസക്കാഴ്ചയാണ്.


വേനല്‍ കനക്കുന്നതോടെ ആനക്കൂട്ടങ്ങള്‍ പലത് മാറി വന്ന് വെള്ളം കുടിച്ച് മടങ്ങും. വിനോദ സഞ്ചാര സീസണ്‍ ആരംഭിച്ചാല്‍ സ്വദേശ-വിദേശ സഞ്ചാരികള്‍ ഒരുമിച്ച് ആനകളുടെ വരവും കാത്ത് ആനക്കുളത്ത് ഒത്തുകൂടും. മഴ കുറഞ്ഞതോടെ മാങ്കുളത്തിന്റെ വിനോദസഞ്ചാര മേഖല കൂടുതല്‍ സജീവമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.

SCROLL FOR NEXT